അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ പൊലീസിനു കഴിയണം: വൈക്കം വിശ്വന്‍

പൊൻകുന്നം∙ അക്രമം നടത്തി ‘രക്തം കുടിക്കുന്നവരെ’ നിലയ്ക്കു നിർത്താൻ പൊലീസിനു കഴിയണമെന്ന് പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷി നിർത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ. ചിറക്കടവിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പൊൻകുന്നത്തു നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിശ്വൻ. ക്രമസമാധാനം നശിക്കണമെന്ന ആഗ്രഹമാണ് ബിജെപിക്ക് എക്കാലത്തുമുള്ളതെന്നും വൈക്കം വിശ്വൻ പറഞ്ഞു. സിപിഎം ജില്ലാസെക്രട്ടറി വി.എൻ.വാസവൻ, സിഐടിയു ജില്ലാസെക്രട്ടറി ടി.ആർ.രഘുനാഥൻ, ഗിരീഷ് എസ്.നായർ, പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ.സേതുനാഥ്, കെ.എം.രാധാകൃഷ്ണൻ, വി.ജി.ലാൽ, ഡി.ബൈജു എന്നിവർ പ്രസംഗിച്ചു.

അക്രമത്തിൽ ബിജെപിക്കു പങ്കില്ല: എൻ.ഹരി

ചിറക്കടവിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ബിജെപിക്കു പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ് എൻ.ഹരി. വ്യക്തിവൈരാഗ്യത്താലുള്ള അക്രമത്തെ ബിജെപിയുടേതായി സിപിഎം വ്യാഖ്യാനിക്കുകയാണ്. ഒട്ടേറെ ബിജെപി പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും സിപിഎമ്മുകാർ തകർത്തു. നാടിന്റെ സമാധാനജീവിതം അവർ തകർക്കുകയാണ്. അക്രമികളെ പിടികൂടാതെ പൊലീസ് അവർക്ക് ഒത്താശ ചെയ്യുകയാണെന്നും ഹരി ആരോപിച്ചു. അക്രമത്തിൽ പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരുമായി പോയ കാർ മറിഞ്ഞപ്പോൾ ബിജെപി ജില്ലാ ട്രഷറർ കെ.ജി.കണ്ണനാണ് പൊലീസിനെ അറിയിച്ച് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചതെന്നും ഹരി പറഞ്ഞു.