അങ്കണവാടി റോഡ് ഒന്നാംഘട്ട നിർമാണത്തിനു തുടക്കം

കാഞ്ഞിരപ്പള്ളി ∙ ഗ്രാമീണ റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനും ത്രിതല പഞ്ചായത്തുകൾ പ്രഥമ പരിഗണന നൽകണമെന്ന് എൻ.ജയരാജ് എംഎൽഎ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് 11–ാം വാർഡിൽ പൂതക്കുഴിയിൽ അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു വീതി കൂട്ടി നിർമിക്കുന്ന അങ്കണവാടി റോഡിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 60 ലക്ഷം രൂപ ചെലവഴിച്ച് ആനക്കയത്തു നിർമിച്ച ചെക്ക്ഡാമിനോടു ചേർന്നു മിനി ടൂറിസം പദ്ധതി ആരംഭിക്കുന്നതിനുള്ള സാധ്യതാപഠനം നടത്തുന്നതിനു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനോടു ശുപാർശ ചെയ്യുമെന്നും എംഎൽഎ അറിയിച്ചു. അനുകൂലമായ റിപ്പോർട്ട് ലഭിച്ചാൽ മേഖലയെ സായാഹ്ന വിശ്രമകേന്ദ്രമായി പ്രഖ്യാപിക്കും.

അങ്കണവാടി റോഡ് പൂർത്തിയാക്കാൻ അഞ്ചു ലക്ഷം രൂപകൂടി അനുവദിക്കുമെന്നും എൻ.ജയരാജ് എംഎൽഎ പറഞ്ഞു. പഞ്ചായത്തംഗം നുബിൻ അൻഫലിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എ.ഷെമീർ, അസീസ് കണ്ടത്തിൽ, വി.കെ.നസീർ, എസ്.ഇ.മുഹമ്മദ് കബീർ, പി.എച്ച്.ഷാജി, പി.ഇ.അബ്ദുൽ സലാം, ഐഷാ ബീവി, ടി.പി.സക്കീർ, റാഫി ജാൻ, ഒ.എം.ഷാജി, വി.യു.നൗഷാദ്, വി.എസ്.ഷാജഹാൻ, സഹിൽ ബഷീർ, റിയാസ് കളരിക്കൽ, ഫൈസൽ എം.കാസിം, മുഹമ്മദ് സജാസ്, അൻവർ പുളിമൂട്ടിൽ, കെ.എൻ.നൈസാം, കെ.എസ്.ഷിനാസ്, പി.ടി.സലീം, ഇ.പി.ദിലീപ് എന്നിവർ പ്രസംഗിച്ചു.

നിലവിൽ നാലടി വീതിയിലുള്ള നടപ്പുവഴിയാണ് 12 അടി വീതിയുള്ള റോഡാക്കി പുനർനിർമിക്കുന്നത്. എൻ.ജയരാജ് എംഎൽഎയുടെ വികസന ഫണ്ടിൽനിന്നു രണ്ടു ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിൽനിന്നു മൂന്നു ലക്ഷം രൂപയുമാണ് ഒന്നാം ഘട്ടത്തിൽ നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്