അഞ്ചു വനിതകളുടെ കൂട്ടായ്മയില്‍ കൂട്ടിക്കലിൽ വി വണ്‍ അമൃതം ഫുഡ് പ്രൊഡക്ട് യുണിറ്റ് വിജയഗാഥ രചിക്കുന്നു.

1-web-amritham
മുണ്ടക്കയം:അഞ്ചു വനിതകളുടെ കൂട്ടായ്മയില്‍ വി വണ്‍ അമൃതം ഫുഡ് പ്രൊഡക്ട് യുണിറ്റ് വിജയഗാഥ രചിക്കുന്നു.

അംഗന്‍വാടികള്‍ക്ക് സമീകൃത പോഷകാഹാരം നിര്‍മ്മിച്ച്‌ നല്‍കുന്ന സംരഭമാണ് വി വണ്‍.കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ കുടുംബശ്രീകളില്‍ നിന്നുള്ള വനിതകള്‍ ചേര്‍ന്ന് രൂപം കൊടുത്ത വി വണ്‍ ഏഴാം വാര്‍ഷിക നിറവിലാണ്.
ഗ്രാമപഞ്ചായത്ത് നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം ഇന്നു തലയുയര്‍ത്തി നില്‍ക്കുന്നത് കൂട്ടിക്കല്‍ മാത്തുമലയിലെ അഞ്ചു സെന്റ്‌ ഭൂമിയിലെ സ്വന്തം കെട്ടിടത്തിലാണ്.എട്ടു വര്‍ഷത്തെ അഞ്ചംഗ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് തെളിവായി ഇന്നു സ്ഥലവും കെട്ടിടവും യന്ത്രസാമഗ്രികളും ഉള്‍പ്പെടെയുള്ള കാല്‍ക്കോടി രൂപയുടെ ആസ്തിയായി നില്‍ക്കുന്നു.മുണ്ടക്കയം ,എരുമേലി,കോരുത്തോട്,കൂട്ടിക്കല്‍ ,പാറത്തോട് പഞ്ചായത്തുകളിലെ അംഗന്‍വാടികളില്‍ വിതരണം ചെയ്യുന്നത് അമൃതം സമീകൃത പോഷകാഹാരമാണ്.ഗോതമ്പും,പഞ്ചസാരയും,സോയാബീന്‍,കടലപ്പരിപ്പ്,നിലക്കടല തുടങ്ങിയവയും ചേര്‍ത്തു ഉണ്ടാക്കുന്ന അമൃതം ഒരുകിലോയുടെ പായ്ക്കിന് 56 രൂപയ്ക്കാണ് സര്‍ക്കാരിന് നല്‍കുന്നത്.ഇത് സര്‍ക്കാര്‍ സൌജന്യമായി അംഗന്‍വാടികള്‍ക്ക് നല്‍കും.ആറു മാസം മുതല്‍ മൂന്നു വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ പ്രധാന ആഹാരമാണിത്.
പ്ലാപ്പള്ളി കിഴക്കയില്‍ ലീല,കേളന്‍പുരയിടത്തില്‍ തങ്കമ്മ കരുണാകരന്‍,കൂട്ടിക്കല്‍ പന്തക്കല്ലേല്‍ മിനി ബാലന്‍,ഇളംകാട് പന്തക്കല്ലേല്‍ ഷൈല റജി ,ഏന്തയാര്‍ പൊട്ടനാനിയില്‍ ബിരിയാമ്മ ഭാസ്ക്കരന്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ യുണിറ്റ് യാതനകളില്‍ കാലിടറിയിരുന്നെങ്കില്‍ ഇന്നത്തെ നിലയിലെത്തില്ലായിരുന്നു.എസ് ബി ടി നല്‍കിയ രണ്ടു ലക്ഷത്തിപതിനായിരം രൂപയുടെ വായ്പ്പയും,ഓരോരുത്തരുടെയും ഓഹരിയായ പതിനായിരം രൂപയും ചേര്‍ത്ത് 2.60 ലക്ഷം രൂപയ്ക്ക് യന്ത്രങ്ങള്‍ വാങ്ങി.കൃഷിഭവന്‍ നല്‍കിയ അന്‍പതിനായിരം രൂപ മുടക്കി ധാന്യങ്ങളും പഞ്ചസാരയും വാങ്ങി.
തുടക്കത്തില്‍ മുപ്പത്താറു രൂപയ്ക്ക് നല്‍കിയ ഒരുകിലോയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ 56 രൂപ നല്‍കുന്നുണ്ടെങ്കിലും അമൃതം ഉല്‍പ്പാദനവസ്തുക്കളുടെ വില വര്‍ദ്ധന ഇവരെ പ്രതിസന്ധിയിലാക്കി.മാസം തോറും പതിനായിരം കിലോ വീതം വിറ്റുഴിയുന്നുണ്ടെങ്കിലും മുഴുവന്‍ ചിലവും കഴിഞ്ഞു ഒരുകിലോയില്‍ നിന്ന് ഒരു രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
2-web-amritham