അഞ്ച് റോഡുകള്‍ തകര്‍ന്നു

കാഞ്ഞിരപ്പള്ളി∙ തമ്പലക്കാട് മേഖലയിലെ നാലു റോഡുകൾ തകർന്നു. പൊൻകുന്നം –തമ്പലക്കാട്– കപ്പാട് റോഡ്, തമ്പലക്കാട് പള്ളിക്കവല–മാന്തറ ലിങ്ക് റോഡ്, തമ്പലക്കാട് –നാലാം മൈൽ –വഞ്ചിമല റോഡ്, പൊൻകുന്നം കെവിഎംഎസ്–കോയിപ്പള്ളി കോളനി –തമ്പലക്കാട് റോഡ് എന്നിവയാണ് തകർന്ന് ശോച്യസ്ഥിതിയിലായിരിക്കുന്നത്. ടാറിങ് തകർന്ന റോഡുകളിലൂടെ വാഹനഗതാഗതം ദുരിതമായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

പൊൻകുന്നം –തമ്പലക്കാട്– കപ്പാട് റോഡ്
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പൊൻകുന്നം –തമ്പലക്കാട്– കപ്പാട് റോഡാണ് അതീവ ശോചനീയാവസ്ഥയിലായത്. ഈരാറ്റുപേട്ട വഴി എത്തുന്ന വാഹനങ്ങൾക്ക് കാഞ്ഞിരപ്പള്ളിയിൽ എത്താതെ പൊൻകുന്നത്ത് എത്താവുന്ന എളുപ്പമാർഗമാണ് റോഡ്. എട്ടു കിലോമീറ്ററോളം ദൂരമുള്ള റോഡിലെ ഭൂരിഭാഗം ടാറിങ്ങും ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്.
വഴിയിലെ കുഴികളിൽ നിറയെ മഴവെള്ളം കെട്ടിക്കിടക്കുന്നു.റോഡിന്റെ വശങ്ങളിൽ ഓടകളില്ലാതെയും ഉള്ള ഓടകൾ മണ്ണുനിറഞ്ഞ് ഉപയോഗയോഗ്യമല്ലാതെയുമായിരിക്കുകയാണ്. റോഡിലെ കലുങ്കുകളും അടഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത സ്ഥിതിയിലാണ്. വീതി കുറഞ്ഞ റോഡിൽ കുഴികൾ രൂപപ്പെട്ടതോടെ സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകാനും ബുദ്ധിമുട്ടായിരിക്കുകയാണ്.

പള്ളിക്കവല– മാന്തറ ലിങ്ക് റോഡ്
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽപ്പെടുന്ന തമ്പലക്കാട് പള്ളിക്കവല– മാന്തറ ലിങ്ക് റോഡ് ടാറിങ് പൂർണമായി തകർന്ന് മെറ്റൽ ഇളകിക്കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായതായി നാട്ടുകാർ പറയുന്നു. രണ്ടു റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് 400 മീറ്ററോളം ഇറക്കവും കൂടിയായതിനാൽ ഇരുചക്രവാഹനങ്ങൾ മെറ്റലിൽ കയറി തെന്നിമറിയുക പതിവു സംഭവമായി. ശക്തമായ വെള്ളമൊഴുക്കുള്ള റോഡിൽ ടാറിങ്ങിനു പകരം കോൺക്രീറ്റിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തമ്പലക്കാട് –നാലാം മൈൽ –വഞ്ചിമല റോഡ്
ഈ റോഡും തകർന്നു ഗതാഗതം ദുരിതമായി. റോഡിലെ കുത്തിറക്കത്തിലെ ടാറിങ് പൂർണമായും ഇളകി മെറ്റലുകൾ തെറിച്ചുകിടക്കുന്നത് അപകട സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി, എലിക്കുളം പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്ന റോഡിന്റെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗമാണ് തകർന്നു കിടക്കുന്നത്. റീ ടാറിങ് നടത്തിയാൽ ആറു മാസം പോലും തികയും മുമ്പ് തകരുന്ന കുത്തിറക്കം കോൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കെവിഎംഎസ് –കോയിപ്പള്ളി കോളനി –തമ്പലക്കാട്
ചിറക്കടവ് പഞ്ചായത്തിലൂടെ കടന്നു പോകുന്ന പൊൻകുന്നം കെവിഎംഎസ് –കോയിപ്പള്ളി കോളനി –തമ്പലക്കാട് റോഡും ടാറിങ് തകർന്നും ഓടകളില്ലാതെയും നശിച്ച സ്ഥിതിയിലായിട്ട് രണ്ടു വർഷത്തോളമായതായി നാട്ടുകാർ പറയുന്നു. രണ്ടു കിലോമീറ്ററോളം ദൂരത്തിൽ റോഡിലെ ടാറിങ് തകർന്നു കിടക്കുകയാണ്. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന കോയിപ്പള്ളി മേഖലയിലെ ജനങ്ങളുടെ സഞ്ചാരമാർഗമാണ് ദുരവസ്ഥയിലായിരിക്കുന്നത്.

തമ്പലക്കാട് പള്ളിക്കവല–മാന്തറ ലിങ്ക് റോഡിലെ ടാറിങ് പൂർണമായും തകർന്ന നിലയിൽ.
കൂരാലി-പനമറ്റം-തമ്പലക്കാട് റോഡ്
കൂരാലി-പനമറ്റം-തമ്പലക്കാട് റോഡും തകർന്നു ഗതാഗത യോഗ്യമല്ലാതായി. കൂരാലി മുതൽ തമ്പലക്കാട് വരെയുള്ള നാലു കിലോമീറ്റർ റോഡിലെ ടാറിങ് തകർന്നും വശങ്ങളിലെ മണ്ണൊലിച്ചു പോയി കട്ടിങ്ങുകൾ രൂപപ്പെട്ടതുമാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ടാറിങ്ങിൽ നിന്നിറങ്ങി ഓടിയാൽ മറിയുന്ന സ്ഥിതിയാണ്. ഓടയില്ലാത്തതിനാൽ റോഡിലൂടെയാണു മഴവെള്ളം ഒഴുകുന്നത്. റോഡിന് ആവശ്യമായ ഓട നിർമിക്കണമെന്നു വെള്ളമൊഴുകുന്ന ഭാഗത്തു കോൺക്രീറ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.