മുപ്പതാം വയസ്സിലും പാൽ ചുരത്തുന്ന റബ്ബർ മരങ്ങൾ : വേറിട്ട കാഴ്ചയായി മൂന്നാള്‍ ഉയരത്തില്‍ ടാപ്പിംഗ്

1-web-tapping

എരുമേലി: കൈയെത്തും അകലത്തില്‍ റബര്‍മരങ്ങളില്‍ ടാപ്പിംഗ് നടത്തുന്നത്കണ്ട് ശീലിച്ചവര്‍ക്ക് ഇതാ ഒരു അത്ഭുത കാഴ്ച. ഏണിയുടെ സഹായത്തോടെ മൂന്നാള്‍ ഉയരത്തില്‍ റബര്‍മരങ്ങളില്‍ ടാപ്പിംഗ് നടത്തുന്നു. എരുമേലി മണ്ണംപ്ളാക്കല്‍ ഔതക്കുട്ടിയുടെ പുരയിടത്തിലാണ് ഈ വേറിട്ട കാഴ്ച.

1983 ല്‍ നട്ടുപിടിപ്പിച്ച പിബി 235 ഇനത്തിലുള്ള 350 റബര്‍മരങ്ങളാണ് ഔതക്കുട്ടിയുടെ പുരയിടത്തില്‍ ടാപ്പിംഗുകാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്നത്. ഓരോ സ്ളോട്ടര്‍ ടാപ്പിംഗിനും വാങ്ങിച്ച ഏണികള്‍ ചേര്‍ത്ത് വെല്‍ഡ് ചെയ്ത് യോജിപ്പിച്ചാണ് ഇപ്പോള്‍ എട്ടാമത് സ്ളോട്ടര്‍ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് തികച്ച ഈ മരങ്ങള്‍ വണ്ണത്തിലും ഉയരത്തിലും മാത്രമല്ല പാല്‍ ഉല്‍പ്പാദനത്തിലും മുന്‍പന്തിയിലാണെന്ന് ഔതക്കുട്ടി പറയുന്നു. അതുകൊണ്ടുതന്നെ ഈ മരങ്ങള്‍ വെട്ടി റീപ്ളാന്റ് നടത്താന്‍ ഔതക്കുട്ടി ഒരുക്കമല്ല. ഏറ്റവും വണ്ണമുള്ള മരത്തിന് കാല്‍ ലക്ഷം രൂപ വരെ വില്‍ നല്‍കാമെന്ന് തടിക്കച്ചവടക്കാര്‍ പറഞ്ഞിട്ടും മരങ്ങള്‍ വില്‍ക്കാന്‍ ഔതക്കുട്ടി സമ്മതിച്ചില്ല. സാഹസിക ടാപ്പിംഗിന് ആളെ കിട്ടാതായപ്പോള്‍ കഴിഞ്ഞ വര്‍ഷം വരെ ഔതക്കുട്ടി സ്വന്തമായാണ് ടാപ്പിംഗ് ചെയ്തത്. മരങ്ങളുടെ ഉയരം കേട്ടറിഞ്ഞ് താല്‍പ്പര്യത്തോടെ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശി സ്റീഫനാണ് ഇപ്പോള്‍ ദിവസവും കിലോമീറ്ററുകള്‍ താണ്ടിയെത്തി ടാപ്പിംഗ് ചെയ്തുകൊണ്ടിരിക്കുന്നത്. ഉയരമേറിയ ഏണി ചുമന്ന ഓരോ മരങ്ങള്‍ക്കരികിലുമെത്തി ടാപ്പിംഗ് ചെയ്യാനും വീണ്ടും ഏണിയുമായെത്തി കറ ശേഖരിക്കാനും സ്റീഫനെ സഹായിക്കാന്‍ ഔതക്കുട്ടി കൂടെയുണ്ടാകും.

കറ ശേഖരിക്കുന്നതിലുമുണ്ട് കൌതുകം. ചുവടുഭാഗം മുറിച്ച പ്ളാസ്റിക് കുപ്പികളിലാണ് കറ ശേഖരിക്കുന്നത്. കറ കട്ടിയായാല്‍ പൊളിച്ചെടുക്കാതെ ഒട്ടുപാല്‍ ലഭിക്കുമെന്നുള്ളതാണ് പ്രത്യേകത. കറ ഉല്‍പ്പാദനം എന്ന് നിലയ്ക്കുന്നുവോ അതുവരെ മരങ്ങളെ സംരക്ഷിച്ച് ടാപ്പിംഗ് നടത്താനാണ് ഔതക്കുട്ടിയുടെ തീരുമാനം. അതുവരെ എത്ര ഉയരം വേണമെങ്കിലും താണ്ടാന്‍ ഔതക്കുട്ടിക്കൊപ്പം സ്റീഫനും തയാറാണ്.