അത്ഭുത കിണർ .. ഒരേ സമയം 32 മോട്ടോറുകള്‍ വെള്ളം പമ്പ്‌ ചെയ്തു 50ലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന കിണർ തൊടുപുഴയിൽ

albhutha kinar
മൂവാറ്റുപുഴ മാറാടി പള്ളിയിലെ ഇമാമായ ആലക്കോട് ചിലവില്‍ ഹസ്സന്‍ മൗലവി ദാനംചെയ്ത കിണറ്റിൽ നിന്നും ഒരേ സമയം 32 മോട്ടോറുകള്‍ വെള്ളം പമ്പ്‌ ചെയ്തു എടുക്കുന്നു .. 50ലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നത് ഇതില്‍ നിന്നാണ്. മോട്ടോറില്‍ നിന്നുള്ള പൈപ്പുകളാണ് വഴിയരികിലെല്ലാം. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണിത്.

ഹസ്സന്‍ മൗലവിയുടേത് വെറും ദാനമല്ല. വീടും പുരയിടവും വിറ്റ് താമസം മാറ്റുമ്പോള്‍ കിണറും അതു നില്‍ക്കുന്ന സ്ഥലവും ആര്‍ക്കും നല്‍കിയില്ല. ആ സ്ഥലം നാട്ടുകാര്‍ക്ക് ദാനം ചെയ്യുകയായിരുന്നു. 1988 ലാണ് ഇവിടെ കിണര്‍ കുഴിക്കുന്നത്. അതുവരെ രണ്ടുകിലോമീറ്റര്‍ അകലെനിന്നാണ് ജനങ്ങള്‍ കുടിവെള്ളം ശേഖരിച്ചിരുന്നത്.10 വര്‍ഷം മുമ്പാണ് കിണറ്റില്‍ മോട്ടോറുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്.

ഹസ്സന്‍ മൗലവിയുടെ വീട്ടില്‍ നിന്നുതന്നെ വൈദ്യുതി കണക്ഷന്‍ എടുത്ത് നാട്ടുകാര്‍ വെള്ളം കൊണ്ടുപോയി.കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് വെള്ളം ഉപയോഗിക്കുന്ന നാട്ടുകാര്‍ പിരിവെടുത്ത്കിണര്‍ കെട്ടി റിങ് ഇറക്കി. പിന്നെ കൂടുതല്‍ മോട്ടോറുകള്‍ സ്ഥാപിച്ചു. ഓരോ മോട്ടോറില്‍ നിന്ന് മൂന്നും നാലും കണക്ഷനുകളുണ്ട്.ആലക്കോട്പഞ്ചായത്തിലെ 2-ാം വാര്‍ഡിലാണ് മോട്ടോറുകള്‍ നിറഞ്ഞ കിണര്‍ ഉള്ളത്.ചിലവില്‍ ദാറുസ്സലാം വീട്ടില്‍ താമസിച്ചിരുന്ന ഹസ്സന്‍ മൗലവിയുടെ കുടുംബം ഇപ്പോള്‍ ഇടവെട്ടിയിലാണ്.ഹസ്സന്‍ മൗലവി മൂവാറ്റുപുഴ മാറാടി പള്ളിയിലെ ഇമാമാണ്.