അദ്ഭുത ചികിൽസകരെ പിടിക്കാൻ ഐഎംഎ സഹായം തേടി പൊലീസ്

സംസ്ഥാനത്തെ വ്യാജ ചികിൽസകരെയും അദ്ഭുത ചികിൽസകരെയും വലയിലാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) സഹകരണം തേടി കേരള പൊലീസ്. ‘ഓപ്പറേഷൻ മാജിക്ക് ഹണ്ട്’ എന്നു പേരിട്ട സംരംഭത്തിൽ കേരളത്തിലെ എല്ലാ ഡോക്ടർമാരും വ്യാജ ചികിൽസകരെക്കുറിച്ചുള്ള വിവരം കൈമാറാനാണ് പൊലീസ് ഇന്റലിജൻസ് വിഭാഗം ഐഎംഎയോട് അവശ്യപ്പെട്ടത്. തുടർന്ന് കേരളത്തിലെ നൂറിലേറെ ഐഎംഎ ശാഖകൾക്കും അവയ്ക്കു കീഴിലെ 30,000 ഡോക്ടർമാർക്കും കഴിഞ്ഞ ദിവസം ഇമെയിൽ സന്ദേശം നൽകിക്കഴിഞ്ഞു.

പൊലീസിന്റെ അഭ്യർഥനയെത്തുടർന്ന് ഐഎംഎ സംസ്ഥാന കമ്മിറ്റി വിവരങ്ങൾ നൽകാൻ ഡോക്ടർമാരേടു നിർദേശിച്ചു. അടിസ്ഥാന യോഗ്യതയായ എംബിബിഎസ് പോലുമില്ലാതെ ആധുനിക വൈദ്യശാസ്ത്ര മരുന്നുകൾ കുറിച്ചു നൽകുകയോ അതിലെ രോഗനിർണയ മാർഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നവരുടെയും, പ്രാർഥനയും അശാസ്ത്രീയ അദ്ഭുത ചികിൽസകളും വഴി രോഗം മാറുമെന്ന അവകാശവാദം നടത്തുന്ന വ്യക്തികളുടെയും സംഘടനകളുടെയും വിവരങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിച്ച പൊതുജനങ്ങളുടെ പരാതിയും സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു.

അടിസ്ഥാന യോഗ്യത ഇല്ലാതെ ചികിൽസ നൽകി മരണവും മറ്റു ഗുരുതരമായ സാഹചര്യവും തുടർച്ചയായി നേരിട്ടു തുടങ്ങിയതോടെയാണ് പൊലീസിന്റെ നടപടി. operationmagichunt@gmail.com, imaksb@yahoo.co.in എന്നീ മെയിൽ ഐഡികളിൽ പരാതി അയയ്ക്കാം. വ്യാജ ചികിൽസകരെ കണ്ടെത്താൻ ഐഎംഎക്കു സ്ഥിരം സംവിധാനം ഉണ്ടെന്നും ഇതു കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഇ.കെ. ഉമ്മർ പറഞ്ഞു.