അനധികൃത ഇറച്ചിക്കച്ചവടത്തിനെതിരെ പരാതി

എരുമേലി.: പഞ്ചായത്തിലെ നെടുങ്കാവുവയൽ ശുഭാന്ദാസ്രമത്തിന് സമീപം ഇറച്ചിക്കച്ചവടം നടത്തുന്നതിനെതിരെ ആശ്രമം അധികൃതർ പൊലീസിൽ പരാതി നല്കി.

എരുമേലി – വെച്ചൂച്ചിറ പാതയിലെ നെടുംങ്കാവുവയൽ ജംഗ്ഷനിൽ 65 വർഷമായി പ്രവർത്തിക്കുന്ന ആത്മബോധോദയ സംഘത്തിന്റെ ആശ്രമത്തിന് എതിർ വശത്ത് ബിനീഷിന്റെ ഉടമസ്ഥതയിലുളള കടയിലാണ് പതിവായി ഇറച്ചി വില്പന നടത്തുന്നത്. ഇറച്ചിക്കട നടത്തുന്നതിന് പഞ്ചായത്ത് അധികൃതരോ, ആരോഗ്യവകുപ്പിന്റെ അനുമതിയോ ഇറച്ചി വില്പനക്കാർ നേടിയിട്ടില്ലായെന്ന് പരാതിയിൽ പറയുന്നു.

നൂറിലധികം കുടുംബങ്ങളിൽ നിന്നായി 350തിലധികം വിശ്വാസികൾ ആരാധന നടത്തുന്ന ആശ്രമത്തിന്റെ പവിത്രതയ്ക്കും,നിത്യാരാധനയ്ക്കും കളങ്കം വരുത്തുന്നതായി ആശ്രമം അധികൃതർ പറഞ്ഞു. ഇറച്ചിക്കടയിൽ നിന്നുളള അവശിഷ്ടങ്ങൾ സമീപത്തെ വനത്തിൽ നിക്ഷേപിക്കുന്നതിനെതിരെയും നാട്ടുകാർ നിരവധി തവണ പരാതി നല്കിയിരുന്നു. ദുർഗന്ധം മൂലം സമീപത്ത് പ്രവർത്തിക്കുന്ന ഐ റ്റി സിയിലെ വിദ്യാർത്ഥികളും, പ്രദേശവാസികളും ദുരിതത്തിലാണ്. അനധികൃതമായി പ്രവർത്തിക്കുന്ന ഇറച്ചിക്കട അടച്ചുപൂട്ടുവാനുളള അടിയന്തിര നടപടികൾ അധികൃതർ സ്വീകരിക്കണെമന്ന് ആത്മബോധോദയ സംഘം ശാഖാ കർമ്മി സ്വാമി വിവേകാന്ദ,ശാഖാ സെക്രട്ടറി കെ എം രാജു , എന്നിവർ ആവശ്യപ്പെട്ടു