അനധികൃത പാര്‍ക്കിംഗ് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു

മുണ്ടക്കയം: ദേശീയ പാതയിലെ അനധികൃത പാര്‍ക്കിംഗ് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. അനധികൃത പാര്‍ക്കിംഗ് മൂലം അധികൃതര്‍ നടപ്പിലാക്കിയ ഗതാഗതപരിഷ്‌കാരങ്ങള്‍ താറുമാറായി.

ഗതാഗതക്കുരുക്കുമൂലം ഉണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ വേണ്ടി നഗര വികസനത്തിന്റെ പേരില്‍ ദേശീയപാതക്ക് വീതികൂട്ടിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ദേശീയപാതയോരത്തെ ഓട്ടോ സ്റ്റാന്‍ഡ് മാറ്റിയെങ്കിലും ജനങ്ങള്‍ക്ക് ഇത് കൊണ്ടുള്ള പ്രയോജനം ലഭിച്ചില്ല. ഓട്ടോ സ്റ്റാന്‍ഡ് മാറ്റിയതോടെ ഈ ഭാഗം സ്വകാര്യവാഹനങ്ങള്‍ പാര്‍ക്കിംഗിനായി കൈയടക്കിയിരിക്കുകയാണ്.

ബസ് സ്റ്റാന്‍ഡ് മുതല്‍ പുത്തന്‍പാലം വരെയുള്ള ഭാഗത്ത് അനധികൃതമായി സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ടൗണിലെ ഗതാഗത കുരുക്കിനുള്ള പ്രധാന കാരണം. പാതയോരത്തെ പാര്‍ക്കിംഗ് നിരോധിച്ചുകൊണ്ടുള്ള പഞ്ചായത്ത് അധികാരികളുടെ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയുന്നത്. കോസ്‌വേ കവലക്കും പോലീസ് സ്റ്റേഷന്‍ കവലക്കും ഇടയിലുള്ള വളവിലാണ് ഏറെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയുന്നത്. ഇതിനെതിരേ മേലധികാരികള്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് വ്യാപാരികളും നാട്ടുകാരും.