അനധികൃത പാര്‍ക്കിംഗ്: ഗതാഗതകുരുക്ക് രൂക്ഷം

എരുമേലി: അനധികൃത പാര്‍ക്കിംഗ് അതിരുവിട്ടതോടെ എരുമേലി സ്വകാര്യ ബസ്റ്റാന്റ് റോഡില്‍ ഗതാഗത കരുക്ക് രൂക്ഷമായി. റോഡിന്റെ ഇരുവശത്തും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിരയാണ്. രാവിലെ മുതല്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പലപ്പോഴും വൈകുന്നേരമാണ് മാറ്റുന്നത്. തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ പരമ്ബരാഗത പാതയിലൂടെയുളള അയ്യപ്പന്‍മാരുടെ യാത്ര ആരംഭിച്ചതോടെ ബസ്റ്റാന്റ് റോഡ് തിരക്കിലമ‌ര്‍ന്നു. ഇതിനിടയിലാണ് അനധികൃതമായുളള പാര്‍ക്കിംഗ് തലവേദനയാകുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് നടക്കുന്നതിനായി നിര്‍മ്മിച്ച ഫുഡ്പാത്തും വാഹനങ്ങള്‍ കൈയ്യേറിയതോടെ യാത്രക്കാര്‍ പെരുവഴിയിലായിരിക്കുകയാണ്. ഇതിനിടെ ചില മത്സ്യ വ്യാപാരികള്‍ തങ്ങളുടെ സ്ഥാപനത്തിന് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കടയ്ക്ക് തടസം ഉണ്ടാവാതിരിക്കുവാന്‍ വലിയ മീന്‍പെട്ടി റോഡില്‍ ഇറക്കി വച്ചിരിക്കുന്ന കാഴ്ചയും എരുമേലിയിലുണ്ട്. എന്നാല്‍ ഇതിനിനെതിരെ നടപടിയെടുക്കേണ്ട പൊലീസ് ഈ നിയമ ലംഘനം കണ്ടതായിപോലും ഭാവിക്കുന്നില്ലായെന്ന് പരക്കെ ആക്ഷപം ഉയര്‍ന്നിട്ടുണ്ട്. പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഇത്രയും വലിയ ഗതാഗത കുരുക്കുക്കിന് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ബസ്റ്റാന്റ് റോഡിലെ അനധികൃത പാര്‍ക്കിഗിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടണ്ട്.