അനധികൃത സര്‍വീസുകള്‍: ആര്‍.ടി.ഓഫീസില്‍ മറിയുന്നതു ലക്ഷങ്ങള്‍..

അനധികൃത സര്‍വീസുകള്‍: ആര്‍.ടി.ഓഫീസില്‍ മറിയുന്നതു ലക്ഷങ്ങള്‍..

കാഞ്ഞിരപ്പള്ളി: പെര്‍മിറ്റ്‌ കാലാവധി അവസാനിച്ചിട്ടും കാഞ്ഞിരപ്പള്ളി താലൂക്കിലൂടെ കടന്നു പോകുന്ന ദീർഘ ദൂര ബസുകളില്‍ സൂപ്പര്‍ എക്‌സ്‌പ്രസ്‌ മുതല്‍ സൂപ്പര്‍ ഫാസ്‌റ്റ്‌ വരെ. മുണ്ടക്കയം ഭാഗത്തുനിന്നും മലബാറിലേക്കു സര്‍വീസ്‌ നടത്തുന്ന സൂപ്പര്‍ എക്‌സ്‌പ്രസ്‌ മുതല്‍ എരുമേലി ഭാഗത്തുനിന്നും എറണാകുളത്തേക്കു സര്‍വീസ്‌ നടത്തുന്ന സൂപ്പര്‍ ഫാസ്‌റ്റുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്‌. ഇത്തരം അനധികൃത ബസുകള്‍ അപകടത്തില്‍പെട്ടാല്‍ യാത്രക്കാര്‍ക്ക്‌ ഇന്‍ഷുന്‍സ്‌ പോലും ലഭിക്കില്ല. ആര്‍.ടി. ഓഫീസുകളിലെ കൃത്യമായ പടി ലഭിക്കുന്നതിനാല്‍ അനധികൃത സര്‍വീസുകള്‍ക്കെതിരേ അധികൃതര്‍ നടപടിക്കു മുതിരാറുമില്ല.

കുമളിയില്‍നിന്നു കാഞ്ഞിരപ്പള്ളി വഴി കാസര്‍ഗോഡ്‌ കൊന്നക്കാട്ടേക്കും തിരിച്ചും സര്‍വീസ്‌ നടത്തുന്ന കോട്ടയം ജില്ലയിലെ കമ്പനിയുടെ രണ്ടു ബസുകളിലൊന്നിന്റെ പെര്‍മിറ്റ്‌ 2012 ഓഗസ്‌റ്റ്‌ 14-ന്‌ അവസാനിച്ചു. രണ്ടാമത്തെ ബസിന്റെ പെര്‍മിറ്റ്‌ കാലാവധി ഈ മാസം 21-ന്‌ അവസാനിക്കും. രണ്ടാമത്തെ ബസിന്റെ പേരിലാണു രണ്ടു വര്‍ഷമായി മറ്റേ ബസും പെര്‍മിറ്റില്ലാതെ ഓടുന്നത്‌.

പെര്‍മിറ്റില്ലാതെ ഏഴു ജില്ലകളിലൂടെ കടന്നുപോകുന്ന സൂപ്പര്‍ എക്‌സ്‌പ്രസിനെതിരേ എറണാകുളം ആര്‍.ടി.ഒ. നടപടിക്കു മുതിര്‍ന്നെങ്കിലും ഉന്നതങ്ങളിലെ സമ്മര്‍ദത്തെത്തുടര്‍ന്നു നിലച്ചു. എറണാകുളം-മൂവാറ്റുപുഴ-കാഞ്ഞിരപ്പള്ളി -റാന്നി-ഉതിമൂട്‌ റൂട്ട്‌ പെര്‍മിറ്റിന്റെ പേരില്‍ പത്തനംതിട്ട- എറണാകുളം റൂട്ടില്‍ അനധികൃത സര്‍വീസ്‌ നടത്തുന്ന സ്വകാര്യ എക്‌സ്‌പ്രസ്‌ ബസാണു മറ്റൊന്ന്‌. ഈ ബസിന്റെ പെര്‍മിറ്റ്‌ മാര്‍ച്ച്‌ നാലിന്‌ അവസാനിച്ചു.

തെക്കന്‍ കേരളത്തിലെ പ്രമുഖ കമ്പനിയുടെ സൂപ്പര്‍ ഫാസ്‌റ്റും പെര്‍മിറ്റില്ലാതെയാണു സര്‍വീസ്‌ നടത്തുന്നത്.. തുടര്‍ന്ന്‌ അനുവദിച്ച താല്‍ക്കാലിക പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചു. കമ്പനിയുടെ മലയാലപ്പുഴ – എറണാകുളം ഫാസ്‌റ്റ്‌ പാസഞ്ചറിന്റെ പെര്‍മിറ്റ്‌ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചു.

സംസ്‌ഥാനത്തെ ആദ്യ സ്വകാര്യ ലിമിറ്റഡ്‌ സ്‌റ്റോപ്‌ സര്‍വീസ്‌ ആരംഭിച്ച കമ്പനിയുടെ കുമളി- കാഞ്ഞിരപ്പള്ളി-എറണാകുളം ഫാസ്‌റ്റ്‌ പാസഞ്ചറുകളിലൊന്ന്‌ എട്ടു മാസമായി സര്‍വീസ്‌ നടത്തുന്നത്‌ പെര്‍മിറ്റില്ലാതെയാണ്‌.
tourist bus