അനശ്വരമായ പത്താം നമ്പര്‍ ജഴ്‌സി ധരിക്കുവാൻ ഇനിയും ആർക്കാണ് യോഗ്യത ?

schn 12
സച്ചിന്‍ വിരമിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ക്രിക്കറ്റ്‌ ഇതിഹാസം പാഡഴിക്കുന്ന അവസരമെത്തിയപ്പോള്‍ സഹകളിക്കാര്‍ക്കും എതിരാളികള്‍ക്കും ആരാധകര്‍ക്കുമൊന്നും ഇക്കാര്യം ഉള്‍ക്കൊളളാന്‍ കഴിയുന്നില്ല. വിരമിക്കല്‍ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സാമൂഹിക സൈറ്റുകളില്‍ കുമിഞ്ഞുകൂടിയ പ്രതികരണങ്ങളില്‍ നിന്ന്‌ ഇത്‌ വ്യക്‌തമാണ്‌.

ക്രിക്കറ്റ്‌ താരങ്ങള്‍ നടത്തിയ ഓണ്‍ലൈന്‍ പ്രതികരണങ്ങളില്‍ ഗൗതം ഗംഭീറിന്റെ പ്രതികരണമാണ്‌ ഏറ്റവും ശ്രദ്ധേയമായത്‌. സച്ചിന്‌ സല്യൂട്ട്‌ നല്‍കികൊണ്ടാണ്‌ ഗംഭീറിന്റെ ട്വീറ്റ്‌ തുടങ്ങുന്നത്‌. സച്ചിന്റെ പത്താം നമ്പര്‍ ജഴ്‌സിയും വിരമിക്കണമെന്നും അത്‌ എക്കാലത്തേക്കും സംരക്ഷിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ പത്താം നമ്പര്‍ ജഴ്‌സിയെന്ന്‌ പറഞ്ഞാല്‍ സച്ചിന്‍ തന്നെ. വര്‍ഷങ്ങളായി സച്ചിനെ പത്താം നമ്പറില്‍ കണ്ടു പരിചയിച്ച കാണികള്‍ക്കും ഗംഭീറിന്റെ അഭിപ്രായത്തോട്‌ യോജിപ്പുണ്ടാവാം.

ഇതിനോടകം സാമൂഹിക സൈറ്റുകള്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്‌തു തുടങ്ങിയിട്ടുണ്ട്‌. പല പ്രമുഖരും ഗംഭീറിന്റെ അഭിപ്രായത്തിന്‌ പിന്തുണ നല്‍കിയതും ശ്രദ്ധേയമായി. ഫുട്ബോളില്‍ പത്താം നമ്പര്‍ ജഴ്‌സിയെ അനശ്വരമാക്കിയ ഇതിഹാസങ്ങളായിരുന്നു പെലെയും മറഡോണയും. ഇവരെ പോലെ തന്നെ പത്താം നമ്പറിനെ അനശ്വരമാക്കിയ സച്ചിനു വേണ്ടി ഇത്തരമൊരു വാദഗതി ഉയരുന്നതില്‍ തെറ്റില്ല. എന്നാല്‍, പത്താം നമ്പറില്‍ കളിക്കളത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു യുവനിര കാത്തു നില്‍പ്പുണ്ടാവാമെന്നതില്‍ സംശയമില്ല. അവരുടെ ആഗ്രഹം നടക്കുമോ അതോ സച്ചിന്റെ ജഴ്‌സിയും റിട്ടയര്‍ ചെയ്യുമോ എന്ന്‌ കാത്തിരുന്നു കാണാം.