അനിശ്ചിതകാല നിരാഹാര സമരത്തിന് സമാപനം


കാഞ്ഞിരപ്പള്ളി∙ രൂപത എസ്എംവൈഎം 41 ദിവസമായി നടത്തിയ റിലേ ഉപവാസ സമരത്തിന് ശേഷം 4 ദിവസം പിന്നിട്ട അനിശ്ചിതകാല നിരാഹാര സമരവും സമാപിച്ചു. 

നിരാഹാര അനുഷ്ഠിച്ച രൂപത പ്രസിഡന്റ്‌ ആൽബിൻ തടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണു സമരം അവസാനിച്ചത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് അവഗണിച്ചു കൊണ്ടുള്ള പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, നിലവിലുള്ള സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 21നാണ് ഉപവാസ സമരം ആരംഭിച്ചത് .ഉപവാസ സമരം 38 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികരിക്കാത്ത സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് നിരാഹാര സമരം ആരംഭിച്ചത്. രാവിലെ പി.സി.ജോർജ് എംഎൽഎ ആൽബിനെ സന്ദർശിച്ചു. 

നിരാഹാരം അവസാനിപ്പിച്ചെങ്കിലും പുതിയ സമര മുറയുമായി രംഗത്തു വരുമെന്നും ഭാരവാഹികൾ അറിയിച്ചു.രാജീവ്‌ ഗാന്ധി യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രഫ. റോണി കെ ബേബി നിരാഹാര വേദിയിൽ ഐക്യദാർഢ്യം അറിയിച്ചു. നാലു ദിവസം നിരാഹാരമനുഷ്ഠിച്ച ആൽബിൻ തടത്തലിനോടും, എക്സൈസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്‍ത അനുവിനോടുമുള്ള ആദരസൂചകമായി എസ്എംവൈഎം പ്രവർത്തകർ തിരുവോണ ദിവസം പട്ടിണി ദിനമായി ആചരിക്കും.