അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി , പ്രേത ബാധയുടെ പേരില്‍ മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഈ നിയമ പ്രകാരം കുറ്റകരമാണ്

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വെള്ളിയാഴ്ച നിയമസഭയില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസ്സാക്കി. സാമുഹ്യ ക്ഷേമ മന്ത്രി ശിവാജി റാവു മോഘെയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഈ ബില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നവിസ് പറഞ്ഞു.

ബില്ലില്‍ ഇനിയും ഭേദഗതികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില മതങ്ങളെ മാത്രം ലക്ഷ്യം വെക്കുമോയെന്നും പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ മനുഷ്യക്കുരുതി ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള നിയമനിര്‍മാണമാണിതെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. പ്രേത ബാധയുടെ പേരില്‍ മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഈ നിയമ പ്രകാരം കുറ്റകരമാണ്. മനുഷ്യദൈവങ്ങള്‍ പൊള്ളയായ വാഗ്ദാനത്തോടെ നടത്തുന്ന ശാരീരിക – മാനസിക, ലൈംഗിക പീഡനങ്ങളും നിയമപ്രകാരം കുറ്റകരമാണ്. ബില്‍ ഇനിയും നിയമസഭാ കൗണ്‍സിലില്‍ പാസ്സാക്കണം.

ഈ ബില്ലിനുവേണ്ടീ പോരാടിയ നരേന്ദ്ര ദാബോല്‍ക്കറുടെ കൊലപാതകത്തെ തുടര്‍ന്ന് ബില്‍ പാസ്സാക്കനായി ശക്തമായ സമ്മര്‍ദം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു. ബില്‍ പാസ്സാക്കാനായി തിങ്കളാഴ്ച കൗണ്‍സിലില്‍ അവതരിപ്പിക്കും. 15 വര്‍ഷമായി പരിഗണനയിലിരുന്ന ബില്ലായിരുന്നു ഇത്.

കോണ്‍ഗ്രസ്സിലെ വിരേന്ദ്ര ജഗ്താപ്, അശോക് പവാര്‍, ബി.ജെ.പിയിലെ ദേവേന്ദ ഫട്‌നവിസ്, എം.എന്‍. എസ്സിലെ ബാലനന്ദ് ഗാവുങ്കര്‍, പി. ഡബ്ല്യു.പി യിലെ ഗണപത് റാവു ദേശ്മുഖ് എന്നിവര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. അവയില്‍ ചിലതെല്ലാം അംഗീകരിക്കപ്പെട്ടു കീര്‍ത്തനങ്ങള്‍, വാരി, സത്‌സംഗ്, ദിന്‍ഡ്യ, സത്യനാരായണ്‍ പൂജ, വാരിയാസ തുടങ്ങിയ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഭേദഗതികള്‍ കൊണ്ടുവന്നു. 2004 ല്‍ ഈ ബില്‍ നിയമസഭയില്‍ പാസ്സാക്കിയിരുന്നെങ്കിലും ശിവസേനയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കൗണ്‍സിലില്‍ പാസ്സാക്കാനായില്ല.

ബില്‍ നിയമസഭ പാസ്സാക്കിയതിനെ ഡോ. ദാബോല്‍ക്കറുടെ മകന്‍ ഹമീദ് സ്വാഗതം ചെയ്തു. കൗണ്‍സില്‍ കൂടീ ബില്‍ പാസ്സാക്കി പെട്ടെന്ന് നിയമം ആകണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.