അന്നമ്മ ചേടത്തി 96 വയസ്സിലും മാംസഭുക്ക് തന്നെ.

1-web-ammachi
അന്നമ്മ ചേടത്തി 96ന്റെ നിറവിലും ആരോഗ്യവതി.ഭര്‍ത്താവിനൊപ്പം കാട് വെട്ടിതെളിച്ചു കൃഷിയിറക്കിയതും,അടുക്കും ചിട്ടയുമുള്ള ജീവിതരീതിയും അന്നമ്മ ചേടത്തിയെ ആരോഗ്യവതിയാക്കുന്നു.
ചെമ്മലമറ്റം കളപ്പുരയ്ക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യയായ ഇവര്‍ ഇപ്പോഴും മാംസഭുക്ക് തന്നെ.രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണത്തിനോടൊപ്പം ഇറച്ചി നിര്‍ബന്ധം.പച്ചക്കറികള്‍ ഉപയോഗിച്ചുള്ള കറികള്‍ സ്നേഹപൂര്‍വ്വം ചേടത്തി നിരസിക്കും.

1917-ല്‍ ആണ് തന്റെ ജനനമെന്നും 1933-ല്‍ തന്റെ വിവാഹം നടന്നെന്നുമുള്ള കാര്യം ചേടത്തി ഇപ്പോഴും കൃത്യമായി ഓര്‍ത്തിരിക്കുന്നു.കാര്യമായ രോഗങ്ങള്‍ ഒന്നുമില്ലാത്ത ചേടത്തിക്ക് ഇതുവരെ രോഗം ബാധിച്ചു ആശുപത്രിയെ ആശ്രയിക്കേണ്ടിയും വന്നിട്ടില്ല.അടുത്ത കാലത്ത് നെറ്റിയില്‍ പരിക്കേറ്റ ചേടത്തിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു ഡോക്ടറെ കാണിച്ചപ്പോള്‍ മുറിവിനു തുന്നല്‍ വേണമെന്ന് പറഞ്ഞു.എന്നാല്‍ തുന്നലിടാന്‍ ചേടത്തി സമ്മതിച്ചില്ല.മൂന്നു ദിവസം കൊണ്ട് മുറിവ് കരിഞ്ഞുണങ്ങി.അടുത്തകാലം വരെ എല്ലാ ദിവസവും ചെമ്മലമറ്റം പള്ളിയില്‍ പോയിരുന്ന ചേടത്തി പള്ളിയിലെ സ്ഥിരം പാട്ടുകാരിയുമായിരുന്നു.

ദിവസവും പുലര്‍ച്ചെതന്നെ ഉണരുന്ന ചേടത്തിക്ക് പ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമാണ്‌… രാത്രികാലത്ത് ടി വി ചാനലുകള്‍ മാറി മാറി ആസ്വദിച്ചശേഷം പതിനൊന്നു മണിക്ക് ശേഷമാണ് ഉറക്കം പ്രഷര്‍ ,ഷുഗര്‍ ,കൊളസ്ട്രോള്‍ ഇവയൊന്നും ചേടത്തിയെ ഏശിയിട്ടില്ല.പൊതുക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ ചേടത്തി ഇപ്പോഴും സജീവമാണ്.ഏഴു മക്കള്‍ക്ക് ജന്മം നല്‍കിയ അന്നമ്മ ചേടത്തി ഇപ്പോള്‍ ഇളയമകന്‍ ബേബിയ്ക്ക് ഒപ്പമാണ് താമസം.