അനർഹർക്ക് മുൻഗണനാ റേഷൻ കാർഡ്; പരിശോധനയുടെ രണ്ടാം ഘട്ടം തുടങ്ങി

കാഞ്ഞിരപ്പള്ളി∙ അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡുകൾ തരപ്പെടുത്തി സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നതു തടയാൻ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ നേരിട്ടു വീടുകളിലെത്തി നടത്തുന്ന പരിശോധനയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മടുക്ക, കോരുത്തോട്, പറത്താനം മേഖലകളിൽ നടത്തിയ പരിശോധനയിൽ 25 അനർഹരെ കണ്ടെത്തി തൽസമയം തന്നെ റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റി. പുതിയ റേഷൻ കാർഡ് പ്രകാരം കൈപ്പറ്റിയ സാധനങ്ങളുടെ വില ഈടാക്കുന്നതിനായി നോട്ടിസ് നൽകുമെന്നു താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു.

ഒരു കിലോഗ്രാം അരിക്ക് 29.81രൂപയും ഒരു കിലോ ഗോതമ്പിന് 20.68 രൂപയും ഒരു കിലോ പഞ്ചസാരയ്ക്കു 32.89 രൂപയും ഒരു ലീറ്റർ മണ്ണെണ്ണയ്ക്ക് 67.57 രൂപയും ഈടാക്കുമെന്നും അറിയിച്ചു. പണം അടയ്ക്കാൻ വിമുഖത കാട്ടിയാൽ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുകയും ഇവർക്കെതിരെ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചു കേസെടുക്കുകയും ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വീടുകളിലെത്തിയുള്ള പരിശോധനകൾ ശക്തമാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

പഞ്ചായത്ത് തലത്തിൽ വാർഡ് തിരിച്ച് മുഴുവൻ വീടുകളിലും എത്തി കാർഡ് പരിശോധനയ്ക്ക് പ്രത്യേക ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. അനർഹമായി ബിപിഎൽ അന്ത്യോദയ കാർഡുകൾ ഇനിയും കൈവശം വച്ചിരിക്കുന്ന കുടുംബങ്ങളുടെ സ്ഥിതിവിവര കണക്കുകൾ കണ്ടെത്തുന്നതിനു പഞ്ചായത്ത്, വില്ലേജ്, മോട്ടോർ വാഹന വകുപ്പുകളുടെ പക്കൽ നിന്നു വിവരങ്ങൾ ശേഖരിച്ചു വരുകയാണെന്നും അധികൃതർ അറിയിച്ചു. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ വിഭാഗ കാർഡുകൾ സപ്ലൈ ഓഫിസിൽ എത്തി അപേക്ഷ നൽകി സറണ്ടർ ചെയ്തു പൊതുവിഭാഗത്തിലേക്കു മാറ്റാൻ തയാറാകുന്നവർക്കു ശിക്ഷാ ഇളവുകൾ നൽകുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

സ്വകാര്യ ആവശ്യത്തിനുള്ള വാഹനം, ഒരു ഏക്കറിൽ കൂടുതൽ സ്ഥലം, 1000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, പ്രതിമാസം 25000 രൂപയിലധികം വരുമാനം ഇവ ഉള്ളവർക്ക് എഎവൈ, മുൻഗണനാ റേഷൻ കാർഡുകൾക്ക് അർഹതയില്ല. അർഹതയില്ലാത്തവർ എഎവൈ, മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചു സൗജന്യ റേഷൻ കൈപ്പറ്റുമ്പോൾ നിർധനർക്ക് ഇപ്പോഴും സൗജന്യറേഷൻ ലഭിക്കാതിരിക്കുന്ന സാഹചര്യം പരിഗണിച്ചാണു താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്.