അപകടം കുറയ്ക്കാനുള്ള സമാന്തര റോഡ് : നിർമാണം അശാസ്ത്രീയമെന്നു പരാതി

എരുമേലി ∙ കണമലയിലെ വാഹനാപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് എട്ടുകോടി മുതൽ മുടക്കിൽ നിർമിക്കുന്ന എരുത്വാപ്പുഴ–കീരിത്തോട് സമാന്തരപാത നിർമാണം അന്തിമഘട്ടത്തിൽ എത്തി നിൽക്കെ അശാസ്ത്രീയ നിർമാണമെന്ന് ആക്ഷേപം. കണമല റോഡിനേക്കാൾ അപകടകരമാണു നിർദിഷ്ട പാതയെന്നും ആക്ഷേപം ഉയരുന്നു.

ശബരിമല പാതയിലെ കണമലയിൽ നാലുതവണ ഉണ്ടായ അപകടങ്ങളിൽ 37 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്കു പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണു കണമല ഇറക്കത്തിനു തൊട്ടുപിന്നിൽ എരുത്വാപ്പുഴ കവലയിൽനിന്നു സമാന്തരപാത നിർമാണം ആരംഭിച്ചത്.

അഞ്ചു മീറ്റർ വീതിയിലാണു ടാറിങ്. രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ഒട്ടേറെ വളവുതിരിവുകളും ചെറിയ ഇറക്കങ്ങളുമുണ്ട്. പല ഭാഗത്തും ഉയരമേറെയുള്ള സംരക്ഷണ ഭിത്തികൾ നിർമിച്ചിരിക്കുന്നതു കാണാം. പാത നിർമാണം ആരംഭിച്ചിട്ടു രണ്ടു വർഷത്തിലേറെയായി. ഇപ്പോൾ സോളിങ് പുരോഗമിക്കുകയാണ്. ഇതിനിടെയാണു നിർമാണം അശാസ്ത്രീയമാണെന്ന് ആരോപിച്ചു ജനപ്രതിനിധികൾ അടക്കമുള്ളവർ രംഗത്ത് എത്തിയിരിക്കുന്നത്.

പലയിടത്തും വളവുകൾ നിവർത്തിയിട്ടില്ലെന്നാണു പ്രധാന പരാതി. ഈ വളവുകൾ നിലനിർത്തിയാൽ വാഹനാപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കണമല ഇറക്കത്തിലെ അട്ടിവളവിൽ തീർഥാടക വാഹനങ്ങൾ മറിഞ്ഞ് അപകടം ഉണ്ടാവുന്നതിനു പരിഹാരമായി നിർമിക്കുന്ന നിർദിഷ്ട പാത കൂടുതൽ അപകടകരമായേക്കുമെന്നാണ് ആശങ്ക. എരുമേലി നിന്നെത്തുന്ന തീർഥാടക വാഹനങ്ങൾ നിർദിഷ്ട പാതവഴി തിരിച്ചുവിടാനാണു സാധ്യത. പാത യാഥാർഥ്യമാവുന്നതോടെ എരുത്വാപ്പുഴ–കീരിത്തോട്–കണമല, എരുത്വാപ്പുഴ–അട്ടിവളവ്–കണമല പാതകളിൽ ഒറ്റവരി സംവിധാനം നടപ്പാക്കാനാവും. ഈ വർഷം തന്നെ പണി പൂർത്തിയാക്കാമെന്നാണു പ്രതീക്ഷ.