അപകടത്തിനിടയാക്കിയ കിണറിന് ഒരു രക്ഷാവലയം; വിഷ്ണുവിനോടുള്ള സ്‌നേഹത്തില്‍

ഇളങ്ങുളം: അഞ്ചു വയസുകാരന്‍ ആഴത്തിലേക്കു വീണ് മരണത്തെ മുഖാമുഖം കണ്ടതിനും കൂടെപ്പിറപ്പിന്റെ സ്‌നേഹം ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്നതിനും സാക്ഷിയായ കിണറിന് ചുറ്റുമതില്‍. കിണറ്റില്‍ നിന്ന് ജീവിതത്തിലേക്കു ചിരിച്ചു കയറിയ വിഷ്ണു പഠിക്കുന്ന പനമറ്റം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്.യൂണിറ്റാണ് അപകടത്തിനിടയാക്കിയ കിണറിന് സംരക്ഷണ ഭിത്തി നിര്‍മിച്ചത്.

കഴിഞ്ഞ ജൂണിലായിരുന്നു അപകടം. ഇളങ്ങുളം ചെല്ലിമറ്റത്തില്‍ ഷിജിയുടേയും അഞ്ജുവിന്റേയും മകനായ അഞ്ചു വയസുള്ള വിഷ്ണുവാണ് അയല്‍വാസി ചെരിയംപ്ലാക്കല്‍ മോഹനന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. അമ്മയ്ക്കും ചേട്ടനുമൊപ്പം കുടുംബവീട്ടില്‍ പോയി രാത്രി എട്ടരയോടെ മടങ്ങുമ്പോഴായിരുന്നു അപകടം. നടപ്പുവഴിക്കരികിലുള്ള കിണറിന് ആള്‍ മറയില്ലായിരുന്നു.
അമ്മ പകച്ചു നില്‍ക്കെ ചേട്ടന്‍ ജിഷ്ണു ഓടി സ്വന്തം വീട്ടിലെത്തി കയറെടുത്ത് കിണറ്റിനരികിലെ റബര്‍മരത്തില്‍ കെട്ടി കിണറ്റിലേക്കൂര്‍ന്നിറങ്ങി. ജിഷ്ണുവിന്റെ കരവലയത്തില്‍ നിന്ന വിഷ്ണുവിനെ ഇതിനിടെ അലമുറ കേട്ടെത്തിയ അയല്‍വാസി കണിയാംപാറക്കല്‍ അനി കിണറ്റിലിറങ്ങി വിഷ്ണുവിനെ കൈകളിലേന്തി തുഴഞ്ഞു നിന്നു. ഓടിയെത്തിയവര്‍ കെട്ടിയിറക്കിയ കസേരയിലിരുത്തി കുട്ടിയെ കരക്കെത്തിക്കുകയായിരുന്നു. പനമറ്റം ഗവ.എച്ച്.എസ്.എസിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് വിഷ്ണു. സഹോദരന്‍ ജിഷ്ണു പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്.

കിണര്‍ ഇനിയൊരപകടത്തിനിടയാക്കരുതെന്ന ലക്ഷ്യത്തോടെ എന്‍.എസ്.എസ്.യൂണിറ്റംഗങ്ങള്‍ മുന്‍കൈയെടുത്തു നിര്‍മിച്ച സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി നിര്‍വഹിച്ചു. വാര്‍ഡംഗം സുജാതാ ദേവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.ആര്‍.പ്രീത, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ഫെലിക്‌സ് ലൂര്‍ദ് സ്വാമി, റെജിമോന്‍ സ്റ്റീഫന്‍, പ്രഥമാധ്യാപിക എ.ജെ.സാറാമ്മ എന്നിവര്‍ പങ്കെടുത്തു.