അപകടത്തിൽ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടയാൾക്ക് ജീവിതമാർഗം കണ്ടെത്തി ചിറക്കടവ് സെന്റ് എഫ്രേംസ് സ്കൂൾ

ചിറക്കടവ് ∙ അപകടത്തിൽ കാലുകളുടെ സ്വാധീനം നഷ്‌ടപ്പെട്ടയാൾക്കു ജീവിതമാർഗം കണ്ടെത്തി നൽകി സ്‌കൂൾ വിദ്യാർഥികൾ മാതൃകയായി. സെന്റ് എഫ്രേംസ് ഹൈസ്‌കൂളിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നു തുക സമാഹരിച്ച് തയ്യൽമെഷീൻ വാങ്ങി നൽകിയാണ് മാതൃകയായത്.

അപകടത്തിൽ കാലിനു സ്വാധീനം നഷ്‌ടപ്പെട്ട ചേനപ്പാടി സ്വദേശി പുരുഷോത്തമൻ നായർക്കാണ് മോട്ടോർ ഘടിപ്പിച്ച പതിനായിരം രൂപ വിലയുള്ള മെഷീൻ സ്‌കൂളിൽനിന്നു സൗജന്യമായി നൽകിയത്. സ്‌കൂൾ മാനേജർ ഫാ. ജോസ് മംഗലത്തിലും പ്രധാനാധ്യാപിക ലൗലി ആന്റണിയും ചേർന്നു തയ്യൽ മെഷീൻ കൈമാറി.