അപകടദൃശ്യം പുറത്ത്; ഒഴിവായത് ദുരന്തം

പാമ്പാടി ∙ വൻ അപകടം തലനാരിഴയ്ക്കു വഴിമാറിയതിന്റെ വിഡിയോ ദൃശ്യം പുറത്തുവിട്ട പൊലീസ് വരെ പറഞ്ഞതിങ്ങനെ –രക്ഷയായതു ദൈവത്തിന്റെ കൈ. കഴിഞ്ഞ ദിവസം ഉച്ചകഴി​ഞ്ഞു ടൗണിലുണ്ടായ വാഹനാപകടത്തിന്റെ വിഡിയോ ദൃശ്യമാണു പൊലീസ് സ്ഥാപിച്ചിരുന്ന സുരക്ഷ ക്യാമറയിൽ പതിഞ്ഞത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന അച്ചനും മകനും ഒരു പരുക്കുപോലുമേൽക്കാതെ രക്ഷപ്പെടുന്നതും ഓട്ടോ ഡ്രൈവർ ഗുരുതര പരുക്കുകളോടെ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടതിന്റെ ദൃശ്യവും വിഡിയോ ക്യാമറയിൽ പതിഞ്ഞിരുന്നു. പൊലീസ് പുറത്തുവിട്ട അപകടദൃശ്യം മിനിട്ടുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

കൂരോപ്പട ചെന്നാമറ്റം സ്വദേശി ചാൾസിന്റെ പുതിയ വാഹനമാണു ടൗണിൽ നിയന്ത്രണം വിട്ടു മൂന്ന് ഓട്ടോറിക്ഷകളെയും വഴിയാത്രക്കാരനെയും ഇടിച്ചത്. കാർ പാഞ്ഞുവരുന്നതു കണ്ട് ഒരുനിമിഷം പോലും പാഴാക്കാതെ കൈപിടിച്ചുനിന്ന മകനെ വലിച്ച് അരികിലേക്കു മാറ്റിയതാണു രണ്ടു വഴിയാത്രക്കാർ തലമുടിനാരിഴയ്ക്കു രക്ഷപ്പെടുന്നതിനു കാരണമായത്. കാർ ആദ്യം ഇടിച്ച രണ്ട് ഓട്ടോറിക്ഷകളുടെയും ഡ്രൈവർമാർ സ്റ്റാൻഡിൽ ഓട്ടോയ്ക്കു വെളിയിൽ നിൽക്കുകയായിരുന്നു.

ഒന്നാം സ്റ്റാൻഡിൽ കിടന്ന ഓട്ടോയിലേക്കു കാർ പാഞ്ഞുകയറിയതോടെ ഇതിനുള്ളിലിരുന്ന ഡ്രൈവർ ചേലാമ്പടം ജോൺ.സി.മാത്യു (ബാബു–50) ഓട്ടോറിക്ഷയിൽനിന്നു തെറിച്ചു ബസ് സ്റ്റാൻഡിനു മുന്നിലേക്കു വീണു. വീഴ്ചയുടെ ആഘാതത്തിൽ ഒരുവട്ടം കൂടി കരണം മറിഞ്ഞു മുന്നോട്ടു തെറിച്ചു പോയതിനാലാണു കാർ ശരീരത്തു കയറാതിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അപകടത്തിന്റെ വിഡിയോ ദൃശ്യം കണ്ടവരും വൻ ദുരന്തം ഒഴിവായതിൽ ആശ്വസിക്കുന്നു. അപകടത്തിൽ വഴിയാത്രക്കാരൻ വെള്ളൂർ വള്ളിമല ജോർജ് തോമസിനും (50) പരുക്കേറ്റിരുന്നു.