അപകടഭീഷണിയായി ഏയ്‌ഞ്ചല്‍വാലി, മൂക്കന്‍പെട്ടി കോസ്‌വേകള്‍

എരുമേലി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതയിലെ ഏയ്‌ഞ്ചല്‍വാലി, മൂക്കന്‍പെട്ടി കോസ്‌വേകളുടെ കൈവരികള്‍ പുനനിര്‍മിച്ചില്ല. കഴിഞ്ഞ പ്രളയകാലത്താണ്‌ കോസ്‌വേകളുടെ കൈവരികള്‍ ഒലിച്ചു പോയത്‌. മൂക്കന്‍പെട്ടി കോസ്‌വേയില്‍ ലക്ഷങ്ങള്‍ മുടക്കി കൈവരികള്‍ സ്‌ഥാപിച്ചെങ്കിലും വീണ്ടുമുണ്ടായ പ്രളയത്തില്‍ ഒലിച്ചു പോയി.

ഇതോടെ ലക്ഷങ്ങളുടെ നഷ്‌ടവും സംഭവിച്ചു. കോട്ടയം-പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏയ്‌ഞ്ചവാലി കോസ്‌വേയില്‍ കൈവരികള്‍ ഇല്ലാത്തത്‌ ദുരിതമാണ്‌. തീര്‍ഥാടനകാലത്ത്‌ നൂറുകണക്കിന്‌ വാഹനങ്ങളാണ്‌ ഇതുവഴി കടന്നുപോകുന്നത്‌. ഇടുക്കി ജില്ലയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന നിരവധി തീര്‍ഥാടകരാണ്‌ ഇതുവഴി സഞ്ചരിക്കുന്നത്‌. കൈവരികളോ മറ്റ്‌ സുരക്ഷാ സംവിധാനമോ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്‌. സമീപത്തായി വെളിച്ച സംവിധാനമില്ലാത്തതും രാത്രിയിലെത്തുന്ന വാഹനങ്ങള്‍ക്ക്‌ ഭീഷണിയാണ്‌. 2018ല്‍ ഉണ്ടായ പ്രളയത്തിലാണ്‌ ഏയ്‌ഞ്ചല്‍വാലി കോസ്‌വേയുടെ ഇരുഭാഗത്തെയും അപ്രോച്ച്‌ റോഡുകളും കൈവരികളും ഒലിച്ചു പോയത്‌. തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെ ഇരുകരകളിലും മണ്ണിട്ട്‌ നികത്തിയാണ്‌ വാഹനയാത്ര സുഗമമാക്കിയത്‌. മാസങ്ങള്‍ക്ക്‌ ശേഷം കോട്ടയം ജില്ലയുടെ ഭാഗത്ത്‌ ഒലിച്ചു പോയ നൂറു മീറ്റര്‍ റോഡും അപ്രോച്ച്‌ റോഡും കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ സഞ്ചാരപ്രദമാക്കി.

ടാറിങ്‌ ജോലികളാണ്‌ പൂര്‍ത്തിയാക്കാനുള്ളത്‌. എന്നാല്‍ പത്തനംതിട്ട ജില്ലയുടെ ഭാഗമായ മറുകരയില്‍ യാതൊരുവിധ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ചെയ്‌തില്ല. കഴിഞ്ഞ പ്രളയകാലത്തും അപ്രോച്ച്‌ റോഡിലെ മണ്ണ്‌ ഒലിച്ചു പോയതോടെ അപകടഭീഷണിയിലായിരുന്നു. ശബരിമല തീര്‍ഥാടനകാലമെത്തിയിട്ടും അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. ഏയ്‌ഞ്ചല്‍വാലി-ആറാട്ടുകയം റോഡില്‍ ഏതാനും ഭാഗത്ത്‌ മണ്‍തിട്ട ഇടിഞ്ഞ്‌ കിടക്കുന്നതും അപകടഭീഷണി ഉയര്‍ത്തുന്നു. മഴപെയ്യുമ്പോള്‍ ചെളി നിറയുന്നതോടെ നിരവധി വാഹനങ്ങളാണ്‌ അപകടത്തില്‍പ്പെടുന്നത്‌.