അപര്യാപ്തതകളുടെ വിനോദ സഞ്ചാരം

ഈരാറ്റുപേട്ട∙ ജില്ലയിലെ ടൂറിസം മാപ്പിൽ ഇടംപിടിച്ച ഇലവീഴാ പൂഞ്ചിറയിൽ ഇപ്പോഴുള്ളത് അപര്യാപ്തതകളുടെ വിനോദ സഞ്ചാരം. വർഷങ്ങൾക്കു മുൻപു തുടങ്ങിയ റോഡ് നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന പൂഞ്ചിറയിലേക്കുള്ള റോഡും ഇരു ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. മേലുകാവ് പെരിങ്ങാലി ഇലവീഴാ പൂഞ്ചിറ ചക്കിക്കാവ് ക‍ൂവപ്പള്ളി വഴി 12 കിലോമീറ്റർ റോഡാണുള്ളത്.

പത്തു കോടിയോളം രൂപ മുടക്കി റോഡ് നിർമാണം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു. ഇപ്പോഴും ദുരിതം മാത്രമാണു ബാക്കി. ഇതിനിടെ പല അപകടങ്ങളും ഈ റോഡിലുണ്ടായി. ഇപ്പോൾ കാൽനട യാത്രയ്ക്കുപോലും കൊള്ളാത്ത അവസ്ഥയിലാണു റോഡ്. അനവധി പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ഇവിടെയെത്തിക്കഴിഞ്ഞാലും അപര്യാപ്തതകൾ മാത്രമാണുള്ളത്. ആകെയുള്ള കെട്ടിടമെന്നു പറയാനുള്ളതു പൊലീസ് വയർലസ് സ്റ്റേഷനാണ്. ഇവിടെ എത്തേണ്ട പൊലീസുകാർ അനുഭവിക്കുന്നതും വലിയ ദുരിതമാണ്. വയർലെസ് സ്റ്റേഷന്റെ നവീകരണത്തിനായി വൻ പദ്ധതികൾക്കു രൂപം നൽകിയെങ്കിലും അതും എങ്ങുമെത്തിയില്ല. റോഡ് നിർമാണം പൂർത്തിയാകാത്തതാണു പദ്ധതി നടത്തിപ്പിനു കാലതാമസം വരുത്തുന്നതെന്നാണു വിശദീകരണം. വിനോദ സഞ്ചാരികളായെത്തുന്നവരുടെ സുരക്ഷയ്ക്കായി യാതൊന്നും ഇവിടെ ചെയ്തിട്ടില്ല.

രണ്ടരയേക്കറിൽ പുതിയതായി നിർമിച്ച കുളത്തിനും ഇതിനു സമീപത്തുതന്നെയുള്ള തടയണയ്ക്കും യാതൊരു സുരക്ഷാസംവിധാനമുമില്ല. ഈ തടയണയിൽ ഇറങ്ങിയപ്പോഴാണു നിധിൻ അപകടത്തിൽപെട്ടത്. ഇവിടെ സുരക്ഷാസംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. തടയണയ്ക്കും കുളത്തിനും ചുറ്റും സുരക്ഷാവേലികൾ നിർമിക്കണം, ദിശാബോർഡുകൾ സ്ഥാപിക്കണം, പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങൾ ഇപ്പോൾത്തന്നെ ഉയർന്നുവന്നിട്ടുണ്ട്.