അപേക്ഷ പൂരിപ്പിക്കാനെത്തി വിധവയുടെ പണം തട്ടിയെന്നു പരാതി

കാഞ്ഞിരപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് അപേക്ഷ പൂരിപ്പിച്ചുനൽകാൻ ഇരിക്കുന്നയാൾ വിധവയായ വീട്ടമ്മയെ കബളിപ്പിച്ചു പണം തട്ടിയതായി പരാതി. വിഴിക്കത്തോട് പഴുക്കാപ്പറമ്പിൽ ലക്ഷ്മിയാണ് തട്ടിപ്പിനിരയായത്. തന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന് താലൂക്ക് സർവേയറുടെ ഓഫിസിൽ അപേക്ഷ നൽകാനാണു ലക്ഷ്മി, സിവിൽ സ്റ്റേഷൻ പരിസരത്ത് അപേക്ഷ പൂരിപ്പിച്ച് നൽകാൻ ഇരിക്കുന്നയാളെ സമീപിച്ചത്. അപേക്ഷ എഴുതി നൽകിയ ശേഷം ഇയാൾ ഉദ്യോഗസ്ഥർക്ക് നൽകാനെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു.

ആകെ 7500 രൂപ ആവശ്യപ്പെട്ട ഇയാൾ രണ്ടു തവണയായി 5500 രൂപ കൈപ്പറ്റിയതായി ലക്ഷ്മി തഹസിൽദാർക്ക് നൽകിയ പരാതിയിൽ പറയുന്നു. ക്ഷേമനിധി, വാർധക്യകാല പെൻഷൻ ഇനങ്ങളിലായി ലഭിച്ച തുകയാണ് ഇതിനായി നൽകിയതെന്നും ലക്ഷ്മി പറയുന്നു. ഇന്നലെ ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടതോടെ ലക്ഷ്മി പഞ്ചായത്തംഗമായ ഒ.വി.റെജിയോടു വിവരം പറഞ്ഞു. തുടർന്നു റെജി മുഖേന ലക്ഷ്മി തഹസിൽദാർക്കു പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കു പങ്കില്ലെന്നും പണം തിരികെ വാങ്ങിനൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ അറിയിച്ചു.