അഭിനന്ദയ്ക്ക് ആനന്ദം; ജന്മദിനാഘോഷം പൊലീസ് സ്റ്റേഷനിൽ


മുണ്ടക്കയം ∙ യൂണിഫോമിൽ ചുറ്റും കൂടി നിന്നു ‘ഹാപ്പി ബർത്ത്ഡേ’ പാടുന്ന പൊലീസ് മാമന്മാർ… നടുവിൽ മെഴുകുതിരി ഉൗതിക്കെടുത്തി 7–ാം പിറന്നാളിനു വട്ടയപ്പം മുറിച്ച് അഭിനന്ദ. മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ ഇന്നലെ നടന്ന ജന്മദിനാഘോഷമാണിത്.പുഞ്ചവയൽ മൂന്നോലി മെൺമാന്തറ സിബി കുമാർ – വിജിനി ദമ്പതികളുടെ മകളാണ് അഭിനന്ദ.   

ലോക്ഡൗൺ കാലത്തു പൊലീസുകാർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണ്ടും കേട്ടും അറിഞ്ഞപ്പോഴാണു ജന്മദിനത്തിൽ ‘പൊലീസ് മാമന്മാർക്കു വിരുന്നു നൽകിയാലോ’ എന്ന ആലോചന വന്നത്.സിബി സ്റ്റേഷനിൽ നിന്ന് അനുവാദം വാങ്ങി. ഇന്നലെ രാവിലെ സ്റ്റേഷനിൽ എത്തി കേക്കിനു പകരം വട്ടയപ്പം മുറിച്ചു. ഒപ്പം പൊലീസുകാർക്കു പ്രഭാത ഭക്ഷണവും കൊണ്ടുവന്നു. സിഐ വി.ഷിബു കുമാറിന്റെ നേതൃത്വത്തിൽ അഭിനന്ദയ്ക്കു സ്നേഹ സമ്മാനം നൽകി.