അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; ഒഴിവായത് വന്‍അപകടം

എരുമേലി: ശബരിമല ദര്‍ശനം കഴിഞ്ഞ് ബംഗളുരുവിലേക്ക് മടങ്ങുകയായിരുന്ന 60 അംഗ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടത്തിനിടെ തീപിടിച്ച് അപകടം. ബസില്‍ നിന്നു പുകയും തീയും ഉയരുന്നത്കണ്ട് ഭക്തര്‍ ഉറക്കെ നിലവിളിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. ഉടന്‍തന്നെ എല്ലാവരും പുറത്തിറങ്ങിയതിനാല്‍ രക്ഷപെട്ടു.

സമീപത്തെ കടയുടമ വെള്ളമൊഴിച്ച് തീ കെടുത്തിയതിനാല്‍ വന്‍അപകടമൊഴിവായി. ഇന്നലെ പുലര്‍ച്ചെ 4.30 ാടെ എരുമേലി – ശബരിമല പാതയിലെ മുട്ടപ്പള്ളിയിലാണ് അപകടം. നാല്‍പ്പതേക്കര്‍ സ്വദേശിയും സന്നിധാനം ഹോട്ടല്‍ ഉടമയുമായ ശിവന്‍പിള്ളയാണ് ധൈര്യസമേതം ഓടിയെത്തി കടയില്‍നിന്നു വെള്ളം ശേഖരിച്ച് ഒഴിച്ച് തീ അണച്ചത്. അപ്പോഴേയ്ക്കും എരുമേലിയില്‍ നിന്നു ഫയര്‍ഫോഴ്‌സും പോലീസും റോഡ് സേഫ് സോണ്‍ വിഭാഗവുമെത്തിയിരിന്നു. ബസിന്റെ ബാറ്ററിയില്‍ നിന്നു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി തീ പടര്‍ന്ന് പിന്‍ഭാഗത്തേയ്ക്ക് ആളുകയായിരുന്നു.