അയ്യപ്പഭക്തർക്ക് സുരക്ഷിത പാതയൊരുക്കും

കാഞ്ഞിരപ്പള്ളി ∙ മണ്ഡല മകരവിളക്ക് ഉൽസവത്തോടനുബന്ധിച്ചുള്ള തിരക്കു കണക്കിലെടുത്ത് അയ്യപ്പഭക്തർക്കു സുരക്ഷിതപാതയൊരുക്കുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. മകരവിളക്കു ദർശനം കഴിഞ്ഞു മടങ്ങുന്ന വാഹനങ്ങളുടെ തിരക്കു നിയന്ത്രിക്കാൻ കണമല–മുണ്ടക്കയം, കണമല–എരുമേലി, എരുമേലി–പൊൻകുന്നം, എരുമേലി–മുണ്ടക്കയം, എരുമേലി–കാഞ്ഞിരപ്പള്ളി, കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട, പൊൻകുന്നം–പാലാ തുടങ്ങിയ റോഡുകളിൽ സേഫ് സോൺ ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുമെന്നു ജോയിന്റ് ആർടിഒ വി.എം.ചാക്കോ അറിയിച്ചു.

വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനും ഓവർ ടേക്കിങ് ഒഴിവാക്കുന്നതിനും വേണ്ടി വാഹനങ്ങൾ കോൺവോയ് അടിസ്ഥാനത്തിൽ മാത്രമേ റൂട്ടുകളിൽ പ്രവേശിപ്പിക്കുകയുള്ളൂ. ഇതിനായി സേഫ് സോണിന്റെ പതിനഞ്ചോളം പട്രോളിങ് വാഹനങ്ങൾ ഈ റോഡുകളിലായി ഉണ്ടാകും. സുരക്ഷിതപാതയൊരുക്കലിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് എറണാകുളം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അജിത്കുമാർ എരുമേലി സേഫ് സോൺ കൺട്രോളിങ് ഓഫിസിൽ നിർവഹിക്കും.

കോട്ടയം ആർടിഒ പ്രേമാനന്ദൻ അധ്യക്ഷത വഹിക്കും. സുരക്ഷിതപാതയൊരുക്കലിനു യാത്രക്കാരും നാട്ടുകാരും സഹകരിക്കണമെന്നു കൺട്രോളിങ് ഓഫിസിന്റെ ചുമതലയുള്ള എംവിഎെ ഷാനവാസ് കരീം അറിയിച്ചു. കൺട്രോളിങ് ഓഫിസുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ–94963 67974.