അരക്കിലോ കഞ്ചാവുമായി പിടിയിൽ

മുണ്ടക്കയം∙ അരക്കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. കൊല്ലം കരിക്കത്തിൽ സെൽവരാജ്(52), കരവാളൂർ ചെരിവിളപുത്തൻവീട്ടിൽ അനീഷ്(27) എന്നിവരാണു പിടിയിലായത്. ഇന്നലെ രാവിലെ 10ന് ബസ് സ്റ്റാൻഡിനുള്ളിൽ എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട സെൽവരാജിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ അരയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സെൽവരാജിന്റെ ഒപ്പം എത്തിയ അനീഷ് പരിശോധന നടക്കുന്നതിനിടെ കഞ്ചാവ് നിലത്ത് ഉപേക്ഷിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ചു.

പിൻതുടർന്നെത്തിയ എക്സൈസ് സംഘം അനീഷിനെ കോസ്‌വേ പാലത്തിനു സമീപത്തു നിന്നു പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എ.അശോക്‌ കുമാർ, ഇൻസ്പെക്ടർ വി.ആർ.സജികുമാർ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ കെ.എൻ.സുരേഷ്കുമാർ, ടി.അജിത്, പ്രിവന്റീവ് ഓഫിസർമാരായ പി.ജി.രാജേഷ്, ടി.എച്ച്.ഷഫീഖ്, റോഷി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.