അരി ആവശ്യത്തിനുണ്ട്, വില കൂട്ടുന്നില്ല; ആരും തിരക്കു പിടിക്കേണ്ട‘അരി ആവശ്യത്തിനുണ്ട്, വില കൂട്ടുന്നില്ല. അതിനാൽ ആരും തിരക്കു പിടിക്കേണ്ട.’ ഇന്നലെ നഗരത്തിലെ ചില കടകളിൽ തൂക്കിയ ബോർഡുകളിലൊന്നാണിത്. ഭക്ഷ്യ സാധനങ്ങൾ  സ്റ്റോക്കുണ്ടെന്ന് അധികൃതരും ഉറപ്പു തരുന്നു. പിന്നെന്തിനാണു തിരക്ക് കൂട്ടുന്നത്. ആൾക്കൂട്ടം വരുന്നതു കോവിഡ് ബാധയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. ഒന്നര മാസത്തേക്കുള്ള റേഷൻ സാധനകൾ സ്റ്റോക്ക്  ചെയ്തിട്ടുണ്ടെന്ന് പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഓരോ താലൂക്കിലും 150 മുതൽ 350 റേഷൻ കടകൾ ഉണ്ട്. ക‍ഞ്ഞികുടി മുട്ടില്ലെന്നു ചുരുക്കം. ജില്ലയിൽ 1002 റേഷൻ കടകളുണ്ട്. 90 ചാക്ക് (45 ക്വിന്റൽ) മുതൽ 180 ചാക്ക് (90 ക്വിന്റൽ) ഭക്ഷ്യധാന്യ ശേഖരമുണ്ട് ഓരോ കടകളിലും. മേയ് വരെ ആവശ്യമായ വിധത്തിൽ എഫ്സിഐ ഗോഡൗണുകളിൽ ധാന്യം ശേഖരിക്കാൻ സർക്കാർ നിർദേശം നൽകി.

 പെട്രോൾ, ഡീസൽ 

ക്ഷാമമില്ല. 159 പമ്പുകളും സജ്ജം.  ദിവസം ശരാശരി 4000 ലീറ്റർ ഡീസലും 8,000 ലീറ്റർ പെട്രോളും എത്തുന്നു. ഇന്നലെയും ലോഡ് വന്നു. 300 ലോറികളാണ് ദിവസം വരുന്നത്. 36ലക്ഷം ലീറ്റർ ഇന്ധനം വിൽക്കുന്നു. ഇന്ന് ഏതാനും പമ്പുകൾ അടച്ചിടുമെന്നു മാത്രം. പച്ചക്കറി  ദിവസം ശരാശരി 16 ടൺ പച്ചക്കറി എത്തുന്നുണ്ട്. ഇന്നലെയും എത്തി. കർണാടക, തമിഴ്നാട് പച്ചക്കറി വരവിൽ കുറവില്ല. വില അൽപം കൂടിയെന്നു മാത്രം.

 പഴവർഗങ്ങൾ 

2 ദിവസം കൂടുമ്പോഴാണ് പഴങ്ങൾ വരുന്നത്. 10 ടൺ പഴങ്ങൾ എത്തും. ആളുകൾ കുറഞ്ഞതോടെ വിൽപന അൽപം കുറഞ്ഞു.

”കഴിഞ്ഞ ദിവസം ജില്ലയിൽ ഭക്ഷ്യ വസ്തുക്കളുടെ സ്റ്റോക്കെടുത്തിരുന്നു. പൊതുവിതരണ വിഭാഗത്തിലെയും സ്വകാര്യ ഗോഡൗണുകളിലെയും കണക്കെടുത്തു. ഏപ്രിൽ വരെ ആവശ്യമായ സ്റ്റോക്ക് ഉണ്ട്. ആരും ആശങ്കപ്പെടേണ്ട കാര്യമില്ല.-പി.കെ. സുധീർ ബാബു, കലക്ടർ