അരുണ്‍ നാസയില്‍ചേര്‍ന്നത് പിറന്നാള്‍ദിനത്തില്‍

ARUN-P-V

ചെറുവള്ളി(പൊന്‍കുന്നം): ജനവരി 26. ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം. ചെറുവള്ളി പാട്ടത്തേല്‍ പി.വി.അരുണ്‍ എന്ന യുവശാസ്ത്രജ്ഞന് ഇത് ജീവിതത്തില്‍ മറക്കാനാവാത്ത ദിനം.

സ്വന്തം പിറന്നാള്‍ദിനം, പിന്നെ ഭാരതത്തിന്റെ അഭിമാനമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞനായി ചേര്‍ന്നദിനം.

കോട്ടയം ജില്ലയിലെ ചെറുവള്ളി എന്ന ഗ്രാമത്തില്‍നിന്ന് പറന്നുയര്‍ന്ന് അരുണ്‍ നാസയിലേക്ക് 26 ന് ചെന്നിറങ്ങിയത് പിറന്നാള്‍ ദിനമാണെന്ന് ഓര്‍മ്മിക്കാതെ. അവിടെ അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ അരുണിനെ ഓര്‍മ്മിപ്പിച്ചു. ‘ഇന്ന് 25-ാം പിറന്നാള്‍ !’ പിന്നെ പല രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രപ്രതിഭകള്‍ക്ക് കേക്കുമുറിച്ച് മധുരം വിളമ്പി നാസയിലെ തന്റെ ആദ്യദിനം അവിസ്മരണീയമാക്കി.

പൂഞ്ഞാര്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിങ് കോളേജില്‍നിന്ന് ബിടെക് നേടി ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജോലിയില്‍ പ്രവേശിച്ച അരുണ്‍ പിന്നീട് എന്‍.ഐ.ടി.യില്‍നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഒന്നാംറാങ്കോടെ എം.ടെക് കരസ്ഥമാക്കി.

പഠനത്തിലെയും ജോലിയിലെയും മികവ് കണ്ടറിഞ്ഞ ‘നാസ’ അരുണിനെ അവിടേക്ക് ക്ഷണിക്കുകയായിരുന്നു. അങ്ങനെയാണ് ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥനായ ചെറുവള്ളി പാട്ടത്തേല്‍ പി.ആര്‍.വിജയകുമാറിന്റെയും പത്മകുമാരിയുടെയും മകനായ അരുണിന് പ്രതിമാസം നാലുലക്ഷം രൂപയിലേറെ ശമ്പളത്തില്‍ നാസയില്‍ നിയമനം കിട്ടിയത്. ഒപ്പം കാലിഫോര്‍ണിയയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഗവേഷണപഠനത്തിനുള്ള അവസരവും.

സ്വാമി വിവേകാനന്ദനും എ.പി.ജെ. അബ്ദുള്‍ കലാമുമാണ് തന്റെ മാതൃകാപുരുഷന്മാരെന്ന് അരുണ്‍ പറയുന്നു.

ദിവസവും കാലിഫോര്‍ണിയയില്‍നിന്ന് അരുണ്‍ വീട്ടിലേക്കുവിളിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുമെന്ന് അച്ഛന്‍ വിജയകുമാറും അമ്മ പത്മകുമാരിയും അനുജത്തി ആതിരയും പറഞ്ഞു. ഈശ്വരവിശ്വാസവും വിനയവുമാണ് അരുണിന്റെ വിജയക്കുതിപ്പിന് പിന്നിലെന്ന് അഭിമാനത്തോടെ അധ്യാപകരും പറയുന്നു.