അര്‍ബുദരോഗബാധിതനായ മോഹനന് പുതുജീവന്‍ ലഭിച്ചു ..എന്നാൽ ജീവിക്കുവാൻ തുടക്കം കുറിച്ച അഞ്ജനമോള്‍ക്ക് ദാരുണ അന്ത്യം

മുണ്ടക്കയം: മോഹനന് ഇത് പുതുജീവന്‍. കോസടിയില്‍ നിയന്ത്രണം വിട്ട മണ്ണുമാന്തിയന്ത്രം മറിഞ്ഞത് തൊട്ടുതാഴെയുള്ള മുതുകുളം മോഹനന്റെ വീടിന്റ മുന്‍ഭാഗത്തെ സിറ്റൌട്ടിന്റെ മേല്‍ക്കുരയുടെ മുകളിലേക്കായിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി അര്‍ബുദരോഗബാധിതനായ മോഹനന്‍ തനിച്ച്‌ വീട്ടിലുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടാകുന്നത്. രണ്ട് പെണ്‍കുട്ടികളുടെ വിവാഹം കഴിപ്പിച്ചയച്ച മോഹനന്‍ ഭാര്യയുമൊത്ത് വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച അയല്‍ക്കൂട്ടത്തിന് പോയ ഭാര്യ വരുന്നതും കാത്ത് മുറിയ്ക്കകത്തു നിന്നും തിണ്ണയിലേക്ക് ഇറങ്ങുന്നതിനിടയിലാണ് മണ്ണുമാന്തി യന്ത്രം വീടിനു മുകളിലേക്ക് പതിച്ചത്.

മണ്ണുമാന്തിയന്ത്രം മറിയുന്ന ഭീമമായ ശബ്ദം കേട്ട് വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാല്‍ മേഹനന് ജീവന്‍ രക്ഷിക്കാനായി. എന്നാല്‍ അല്‍പ്പ സമയംമുന്‍പ് തന്നോട് കുശലം പറയുകയും വഴക്കുകൂടുകയുമായിരുന്ന അഞ്ജനമോള്‍ അപകടത്തില്‍ മരിച്ചെന്ന വര്‍ത്ത മോഹനനെ തളര്‍ത്തി. മണ്ണുമാന്തിയയന്ത്രം വീടിന്റ പാതി ഭാഗം തകര്‍ത്തതോടൊപ്പം അഞ്ജനയുടെ വിയോഗവും മോഹനനെ തീരാകണ്ണീരിലാഴ്ത്തി