അറിഞ്ഞു കഴിച്ചാല്‍ പൊറോട്ട വില്ലനാവില്ല

പൊറോട്ട എന്നു കേള്‍ക്കുമ്പോള്‍തന്നെ ഭയം ജനിപ്പിക്കും വിധം പ്രകൃതിചികിത്സ, ആയൂര്‍വേദം എന്നൊക്കെയുള്ള ലേബലില്‍ ചില മുറിവൈദ്യന്മാര്‍ വര്‍ഷങ്ങളായി പ്രചാരണം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നു. മലയാളിയുടെ സകല രോഗങ്ങള്‍ക്കും കാരണം പൊറോട്ടയാണെന്ന് വരെ ഇക്കൂട്ടര്‍ പറഞ്ഞു വയ്ക്കുന്നു. പൊറോട്ടക്ക് എതിരായ പ്രചരണത്തിന് എന്നെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ ?

പൊറോട്ട വിരുദ്ധരുടെ വാദങ്ങള്‍ പ്രധാനമായും ഇവയാണ്.

പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശയായ മൈദ കൊണ്ടാണ് പൊറോട്ട ഉണ്ടാക്കുന്നത്.
ഭിത്തിയില്‍ എന്നപോലെ മനുഷ്യന്റെ കുടലിലും മാസങ്ങളോളം ഈ പശ ഒട്ടിപ്പിടിച്ചിരിക്കും.
പൊറോട്ട ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണമാണ്.
പൊറോട്ടയില്‍ നാരുകള്‍ അഥവാ ഫൈബര്‍ ഇല്ല
പൊറോട്ട കഴിക്കുന്നവര്‍ കുറഞ്ഞ കാലത്തിനുള്ളില്‍മാറാരോഗികളായി മാറുമെന്നത് അടക്കം നൂറായിരം ആരോപണങ്ങളാണ് പൊറോട്ടക്ക് മേല്‍ ഉന്നയിക്കപ്പെടുന്നത്

അല്‍പം ചരിത്രം

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുംഇടയിലെ കാറക്കോറം പര്‍വത നിരകള്‍ക്കിടെ താമസിക്കുന്ന ഗോത്രവിഭാഗത്തില്‍ പെട്ടവരാണ് ആദ്യമായി പൊറോട്ട ഉണ്ടാക്കിയതെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ ഭാഷയിലെ പറാത്ത്, ആത്ത എന്നീ വാക്കുകള്‍ ചേര്‍ന്നാണ് പൊറോട്ട എന്നപേരുണ്ടായത്. പറാത്ത് എന്നാല്‍ മടക്കുകള്‍ എന്നും ആത്ത എന്നാല്‍ വേവിച്ച ധാന്യം എന്നും അര്‍ത്ഥം. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പൊറോട്ടയുടെ വിവിധ വകഭേദങ്ങളുണ്ട്. ചില്ലി പൊറോട്ട, ആലു പറാത്ത, കുത്തുപൊറോട്ട ബംഗാളി പൊറോട്ട, കേരള പൊറോട്ട തുടങ്ങി നിരവധി വകഭേദങ്ങള്‍.
കൂലിപ്പണിക്കാരുടെ ആഹാരം എന്ന നിലക്കാണ് കേരളത്തില്‍ പൊറോട്ടയുടെ രംഗപ്രവേശം. ബീഫ് കറിയാണ് പൊറോട്ടക്ക് ഒപ്പമുള്ള ഏറ്റവും രുചികരമായ കോമ്പിനേഷന്‍. ഒരുവന് നൂറ് രൂപ ദിവസക്കൂലി കിട്ടിയ കാലത്ത് അതില്‍ നിന്നും പ്രഭാത ഉച്ച ഭക്ഷണങ്ങള്‍ക്കായി നല്ലൊരു പങ്ക് മാറ്റി വെച്ചാല്‍ വൈകിട്ട് നീക്കിയിരിപ്പ് കാര്യമായി ഉണ്ടാവില്ല. എന്നാല്‍ പതിനൊന്ന് പതിനൊന്നര മണിയോടെ തുച്ഛമായ തുകക്ക് കിട്ടുമായിരുന്ന പൊറോട്ടയും, ബീഫും കഴിച്ചാല്‍ പ്രഭാത ഉച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. മാത്രമല്ല രാത്രി വരെ വിശപ്പും ഉണ്ടാവില്ല. സാദാ തൊഴിലാളിയുടെ ഈ മെനുവില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. പാവപ്പെട്ടവന്റെ ഈ ഹോട്ടല്‍ ഭക്ഷണത്തെ പിന്നീട് മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

ഇനി പൊറോട്ട വിരുദ്ധരുടെ ആരോപണങ്ങളിലേക്ക് തിരിച്ചുവരാം. ശ്‌ളേഷ്മസ്തരം കൊണ്ട് നിര്‍മിച്ചതാണ് മനുഷ്യന്റെ കുടലിന്റെ ഉള്‍ഭാഗം. ഭക്ഷണത്തോടൊപ്പം ഇടക്കിടെ ഈ ശ്‌ളേമസ്തരകോശ
ങ്ങള്‍ ഇളകിപ്പോകും വിധമാണ് കുടലിന്റെ ഉള്‍ഭാഗത്തിന്റെ ഘടന. അതുകൊണ്ടുതന്നെ കുടലില്‍ ഒരു ഭക്ഷണവും ഒട്ടിപ്പിടിക്കില്ല. ഭക്ഷണമെന്നല്ല, പശവിഴുങ്ങിയാല്‍ പോലും ഒട്ടില്ല പിന്നെയല്ലേ പൊറോട്ട!

പൊറോട്ട ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണമാണെന്നും അതുകൊണ്ട് ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള വാദവും അശാസ്ത്രീയമാണ്. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണമാണ് പൊറോട്ട. കുറേക്കൂടി വിശദീകരിച്ചാല്‍ സാവകാശം ദഹിച്ച് പോഷകങ്ങള്‍ മെല്ലെ ശരീരത്തില്‍ എത്തുന്നവയാണു ഗ്ലൈസീമിക് ഇന്‍ഡസ്‌ക് കുറഞ്ഞഭക്ഷണങ്ങള്‍. ഇത്തരം ഭക്ഷണങ്ങള്‍ നമ്മുടെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മെറ്റബോളിക് ആക്ടിവിറ്റിയെബ സന്തുലിതമായി നിലനിര്‍ത്തുന്നു. കൂടുതല്‍ സമയമെടുത്ത് ദഹിക്കുന്ന ഭക്ഷണം തന്നെയാണ് ആരോഗ്യത്തിനു നല്ലത്.

അതേസമയം വെളുത്ത അരിയുടെ ചോറ്, പഴവര്‍ഗ്ഗങ്ങള്‍, തുടങ്ങിവേഗം ദഹിക്കുന്ന ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടിയ ഭക്ഷണങ്ങള്‍ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. പ്രമേഹം അടക്കമുള്ള രോഗങ്ങളുടെ അടിസ്ഥാന കാരണം ഇതാണ്. പ്രമേഹത്തിന്റെ ഏഷ്യയിലെ തലസ്ഥാനം എന്നു പോലും വിശേഷിപ്പിക്കപ്പെടാവുന്ന അവസ്ഥയിലേക്ക് കേരളം മാറിയതിനു പിന്നില്‍ മലയാളിയുടെ മൂന്നു നേരത്തെ അരി ആഹാരമാണെന്നതു തെളിയിക്കപ്പെട്ട വസ്തുതയാണ്. ചുരുക്കത്തില്‍ വെള്ള അരിയുടെ തവിട് കളഞ്ഞ അരിയുടെ ചോറാണ് അപകടകാരി. പൊറോട്ട അല്ല.

പൊറോട്ടയില്‍ നാരില്ല എന്ന വാദത്തിനും കഴമ്പില്ല. വെള്ളത്തില്‍ ലയിക്കുന്നതും ലയിക്കാത്തതും എന്ന രണ്ടു തരത്തിലെ നാരുകള്‍ ഫൈബറുകള്‍ ആണ് ഭക്ഷണത്തിലുള്ളത്. ഈ രണ്ടു തരം ഫൈബറുകളും തമ്മില്‍ കാര്യമായ വ്യത്യാസവുമില്ല. അരിപ്പൊടിയില്‍ ഉള്ളതുപോലെ മൈദയിലും വെള്ളത്തില്‍ കലങ്ങുന്ന നാരുകളുടെ സാന്നിദ്ധ്യമുണ്ട്. മാത്രമല്ല നാരുകളില്ല എന്ന കാരണം കൊണ്ട് മാത്രം ഒരു ഭക്ഷണത്തെ മോശമെന്നു പറയാനാവില്ല.

ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്നവരില്‍ അതു കഴിക്കാത്തവരെ അപേക്ഷിച്ച് അധികമായോ, പ്രത്യേകമായോ ഒന്നോ, അതില്‍ കൂടുതലോ അസുഖം കാണപ്പെടുകയും, ആ അസുഖമുണ്ടായത് ആ പ്രത്യേക ഭക്ഷണത്തില്‍നിന്നാണെന്നു ശാസ്ത്രീയമായി തെളിയപ്പെടുകയും ചെയ്‌തെങ്കില്‍ മാത്രമേ ആ ഭക്ഷണം ആരോഗ്യത്തിന് ഹാനികരമെന്നു പറയാനാകൂ. പൊറോട്ടയെ സംബന്ധിച്ച് ഇതു വരെ ഇത്തരമൊരു വസ്തുത തെളിയിക്കപ്പെട്ടിട്ടില്ല. അതായത് പൊറോട്ട കഴിക്കുന്നവരിലും കഴിക്കാത്തവരിലും ഒരേ രോഗങ്ങള്‍ കാണപ്പെടുന്നുണ്ടെന്ന് ചുരുക്കം.

പൊറോട്ടക്ക് ഒപ്പം കഴിക്കുന്ന ബീഫ് കറി, ബീഫ് ഫ്രൈ എന്നിവ അടക്കമുള്ളവയാണ് കുഴപ്പക്കാര്‍. അമിതമായി എണ്ണ അടങ്ങിയ ബീഫ് കറിയും ബീഫ് ഫ്രൈയും, അല്ലെങ്കില്‍ ചിക്കനോ മട്ടനോ എന്തുമാവട്ടെ, മിതമായ അളവില്‍ കഴിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ദോഷമാണ്. പൊറോട്ടയ്ക്കു പകരം ചപ്പാത്തിയടക്കം ഈ കറികള്‍ക്കൊപ്പം എന്തു കഴിച്ചാലും സമാന ആരോഗ്യപ്രശ്‌നങ്ങള്‍തന്നെ ഉണ്ടാകും.

ശാരീരിക അധ്വാനത്തിന് അനുസരിച്ചാകണം ഭക്ഷണം തെരഞ്ഞെടുക്കേണ്ടത്. പാറ പൊട്ടിക്കുന്നവനു വേണ്ട ആഹാരമല്ല കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നവനു വേണ്ടത്. ആഴ്ചയില്‍ നാലുദിവസവും പൊറോട്ടയും ബീഫും മൂക്ക് മുട്ടെ കഴിച്ച് മേലനങ്ങാതെ ചുമ്മാതിരുന്നാല്‍ പണി കിട്ടുമെന്ന് ചുരുക്കം. ഈ അടിസ്ഥാന തത്വം മനസ്സിലാക്കി ഭക്ഷണം കഴിക്കാതെ പൊറോട്ടയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?