എന്‍ജിനീയറിംഗ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരാന്‍ അറുപത്തിനാല് വയസുള്ള ആറാം ക്ലാസുകാരന്‍

1-web-amal-zacharia

കാഞ്ഞിരപ്പള്ളി:സ്വന്തം കഠിനാദ്ധ്വാനത്തില്‍ കണ്ടെത്തിയ 27 കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് സ്വന്തമാക്കിയ മൂഴൂര്‍ മാടപ്പള്ളി സക്കറിയ മാത്യു ആണ് അമല്‍ജ്യോതി എന്‍ജിനിയറിംഗ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് പരിശീലകനായി എത്തിയത്.

ഇപ്പോള്‍ മുംബയില്‍ മുന്ന് എഞ്ചിനിയറിംഗ് സ്ഥാപനങ്ങള്‍ നടത്തുന്ന ഇദ്ദേഹം ഇന്നു കോടികളുടെ ഇടപാടുകള്‍ ആണ് നടത്തുന്നത്.വളരെ ചെറുപ്പം മുതല്‍ തന്നെ കണ്ടുപിടിത്തങ്ങളുടെ പുറകെ ഇറങ്ങിത്തിരിച്ച സക്കറിയ ആദ്യമായി ആദ്യമായി നടത്തിയ കണ്ടുപിടുത്തം കുന്നിന്‍ മുകളിലുള്ള മണ്ണ് റോഡ്‌ നിര്‍മ്മാണത്തിന് എത്തിക്കുന്നതിനുള്ള എളുപ്പവഴിയാണ്.തന്റെ വീടിനു സമീപം മാഞ്ഞൂര്‍ കുറുപ്പുംതറയില്‍ പാടത്ത് റോഡ്‌ നിര്‍മ്മിക്കുന്നതിന് തൊഴിലാളികള്‍ മണ്ണ് തലച്ചുമടായി കൊണ്ടുവരുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ്‌ ഇതിനു തുനിഞ്ഞിറങ്ങിയത്.

മലമുകളില്‍ നിന്ന് പാടത്തേക്ക് വലിച്ചുകെട്ടിയിട്ടുള്ള പ്രത്യേക കേബിളില്‍ ഉറപ്പിച്ച കുട്ടകളില്‍ മണ്ണ് നിക്ഷേപിച്ചാല്‍ അത് നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ധ്വാനം കൂടാതെ പാടത്ത് ഉദ്ദേശിക്കുന്ന സ്ഥലത്ത് വിതറി ഇടുന്ന സംവിധാനമാണ് 45വര്‍ഷം മുന്‍പ് സക്കറിയ ഒരുക്കിയത്.ഇതിനുശേഷം പാടത്ത് വരമ്പ് നിര്‍മ്മിക്കുന്നതിന് ട്രാക്ടര്‍ അഴിച്ചു സ്വന്തമായ രീതിയില്‍ രൂപമാറ്റം വരുത്തി.ഇതും വിജയിച്ചതോടെ ഏതു തരത്തിലുള്ള യന്ത്രങ്ങളും അഴിച്ചു പണിയുന്നതിനും രൂപമാറ്റം വരുത്തി മറ്റു ജോലികള്‍ ചെയ്യിക്കാമെന്നതും അദ്ദേഹത്തിനു ആത്മവിശ്വാസമുള്ള കാര്യമായി മാറി.

ഈ ആത്മവിശ്വാസവുമായി ഇരുപത്തിമുന്നാമത്തെ വയസ്സില്‍ കൂടുതല്‍ അവസരങ്ങള്‍ തേടി സക്കറിയ മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള അഗ്രികള്‍ച്ചറല്‍ യുണിവേഴ്സിറ്റിയിലേക്ക് ട്രെയിന്‍ കയറി.ഇവിടെ എത്തിയപ്പോള്‍ വിത്തുകളും വളങ്ങളും വെവ്വേറെയായി കര്‍ഷകര്‍ കൃഷിഭൂമിയില്‍ വിതക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ഇത് ഒന്നിച്ചാക്കിയാല്‍ ജോലിഭാരം പകുതി കുറയ്ക്കാന്‍ കഴിയും എന്ന് മനസിലാക്കിയ സക്കറിയ പ്രതിഫലം ഒന്നും വാങ്ങാതെ ഒന്നിച്ചു വിതക്കുന്നതിനുള്ള യന്ത്രം നിര്‍മ്മിച്ച്‌ നല്‍കി.അന്ന് യുണിവേഴ്സിറ്റിയില്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വിദഗ്ധ മെക്കാനിക്ക് എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഇന്റര്‍നാഷണല്‍ എന്നപേരില്‍ ട്രാക്ടര്‍ നിര്‍മ്മിക്കുന്ന കമ്പിനിയുടെ മുംബയിലെ ഓഫിസില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

മുംബയില്‍ എത്തിയപ്പോള്‍ കൈയില്‍ ആകെ അവശേഷിച്ചിരുന്നത് 6 രൂപ 80 പൈസ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.ഫാക്ടറിയിലെത്തി സര്‍ട്ടിഫിക്കറ്റ് കാണിച്ചതോടെ ജോലി കിട്ടി.ഇതോടെ ഇവിടെ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ഇറക്കുമതി ചെയ്ത ഓഫ് സെറ്റ് പ്രിന്റിംഗ് മെഷീന്‍ നന്നാക്കാമോ എന്ന അന്വേഷണമാണ് കമ്പനി മാനേജരില്‍ നിന്നുണ്ടായത്.ഈ വെല്ലുവിളി ഏറ്റെടുത്ത് ഒരു മണിക്കൂറിനുള്ളില്‍ മെഷീന്‍ പ്രവര്‍ത്തന സജ്ജമാക്കിയതോടെ പ്രതിഫലമായി 2000രൂപയും ലഭിച്ചു.ഇതാണ് സക്കറിയായ്ക്ക് ലഭിച്ച ആദ്യ പ്രതിഫലം.

ഇതോടെ മുംബയില്‍ തുടരാന്‍ തീരുമാനിച്ച സക്കറിയ തന്റെ ഭാഷപ്രശ്നം പരിഹരിക്കുന്നതിന് 300 രൂപ ശമ്പളത്തിന് ഒരു എം എസ്സി ക്കാരനെ സഹായിയാക്കി.ഇതിനുശേഷം മുംബയിലും സമീപ പ്രദേശങ്ങളിലുമുള്ള വന്‍കിട കമ്പനികളുടെ മെഷീനുകളിലെ തകരാര്‍ പരിഹരിക്കുന്നതിനും ഓരോ കമ്പനിയുടെയും ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ യന്ത്രങ്ങള്‍ രൂപകല്പന ചെയ്യുന്നതിനിമുള്ള ജോലികള്‍ ലഭിച്ചു തുടങ്ങി.

ഇതിനിടെയാണ് സീമെന്‍സ് കമ്പനി നിര്‍മ്മിക്കുന്ന കണ്‍ട്രോള്‍ പാനലില്‍ റിലേ റീസെറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഫ്ലെക്സിബിള്‍ കോഡ് നിര്‍മ്മിക്കുവാന്‍ അവസരം ലഭിച്ചത്.ഇറക്കുമതി ചെയ്തിരുന്ന ഈ കേബിള്‍ സ്വന്തമായി നിര്‍മ്മിച്ച്‌ നല്‍കിയതോടെ സ്വന്തം ജീവിതത്തിനും സക്കറിയ അടിത്തറ പാകി.ഈ കേബിള്‍ പിന്നിട് പലരും പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയില്‍ ഇതു വരെ സക്കറിയായ്ക്ക് അല്ലാതെ മറ്റാര്‍ക്കും ഇതിനു കഴിഞ്ഞിട്ടില്ല.

വാഹനാപകടങ്ങള്‍ ഒഴിവാക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള ക്രാഷ് ബാരിയറുകള്‍ ആദ്യമായി നിര്‍മ്മിച്ചതും സക്കറിയ തന്നെ.മദമിളകിയ ആനയെ ബന്ധിക്കാനുള്ള യന്ത്രം,തെങ്ങ് കയറുന്നതിനുള്ള യന്ത്രം,ഹൈമാസ്റ്റ് തൂണുകളില്‍ മുകളില്‍ കയറാതെ ബള്‍ബുകള്‍ മാറ്റുന്നതിനുള്ള ഹൈഡ്രോളിക്ക് പോള്‍ (ഇപ്പോള്‍ ചെന്നൈ എയര്‍പോര്‍ട്ടിന് മുന്‍പില്‍ ഉപയോഗിക്കുന്നത് കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത് ഉപയോഗിച്ച് വരുന്നു.),കശുവണ്ടി പൊളിക്കുന്നതിനുള്ള യന്ത്രം തുടങ്ങിയ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നിരവധി കണ്ടുപിടുത്തങ്ങള്‍ ഇദ്ദേഹത്തിന്റെതായിട്ടുണ്ട്.

അമല്‍ജ്യോതിയില്‍ ഇദ്ദേഹം എത്തിയത് താന്‍ പുതുതായി കണ്ടുപിടിച്ച ഷുഗര്‍ ക്യാന്‍ സാമ്പിളര്‍ എന്ന മെഷീന്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടിയാണ്.പഞ്ചസാര ഫാക്ടറികളില്‍ വലിയ ട്രക്കുകളില്‍ കര്‍ഷകര്‍ എത്തിക്കുന്ന ലോഡ് കണക്കിന് കരിമ്പുകളില്‍ ലോഡ് ഇറക്കാതെ തന്നെ ലോറികളില്‍ വെച്ച് പഞ്ചസാരയുടെ അളവ് കാണുന്നതിനുള്ള സംവിധാനമാണ് മെഷീനില്‍ ഉള്ളത്.അമല്‍ജ്യോതിയിലെ വിദ്ധ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ പ്രചോദനമേകി.പുതിയ തലമുറ അത്ഭുതത്തോടെയും ആദരവോടെയും ആണ് അദ്ദേഹത്തെ ശ്രവിച്ചത്.
മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വസന്ത് ദാദ ഷുഗര്‍ ഇന്‍സ്റ്റിട്ട്യുടിലെ ഉന്നത ഉദ്യോഗസ്ഥരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

3-web-amal-zacharia

പാലയ്ക്കടുത്ത് മാടപ്പള്ളി സ്വദേശികളായ മാത്യു-ഏലികുട്ടി ദമ്പതികളുടെ 11 മക്കളില്‍ മൂത്തയാളായ സക്കറിയായ്ക്ക് രണ്ടു മക്കളാണ് ഉള്ളത്.മകന്‍ സെന്‍സോ അമേരിക്കയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം കഴിഞ്ഞു ഇപ്പോള്‍ ഫാക്ടറി നോക്കി നടത്തുന്നു.മകള്‍ സൈനോ പഠനം കഴിഞ്ഞു ബിസിനസ്സില്‍ പിതാവിനെ സഹായിക്കുന്നു.ഭാര്യ തങ്കമ്മ മാത്യു.ഇത്രയും ജനോപകാരപ്രദമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയ മലയാളിയായ ഈ അതിബുദ്ധിശാലിയെ കേരള സര്‍ക്കാര്‍ വേണ്ടവിധത്തില്‍ ഗൌനിച്ചിട്ടുണ്ടോ എന്നത് ആലോചിക്കേണ്ട വിഷയമാണ്.
2-web-ama;-zacharia