അറ്റകുറ്റപ്പണി വൈകുന്നു; മിഴി തുറക്കാതെ നിരീക്ഷണക്യാമറകൾ

കാഞ്ഞിരപ്പള്ളി: അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പട്ടണത്തിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണക്യാമറകൾ നശിക്കുന്നു. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന ക്യാമറകൾ പ്രവർത്തനരഹിതമായിട്ട് ആറ് മാസമായി. ഇപ്പോൾ പലയിടങ്ങളിലും ക്യാമറകൾ താഴെ വീഴാറായനിലയിൽ തൂങ്ങികിടക്കുകയാണ്. ഇനിയും അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ ക്യാമറകൾ പൂർണമായും നശിക്കും.

ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പോലീസ് സ്‌റ്റേഷനിൽ ലഭ്യമാകുന്ന രീതിയിലായിരുന്നു പ്രവർത്തനം. ക്യാമറകളുടെ പ്രവർത്തനം നിലച്ചതോടെ പോലീസിന്റെ സുരക്ഷാ നിരീക്ഷണങ്ങൾക്കും തടസ്സം നേരിട്ടിരിക്കുകയാണ്. ട്രാഫിക് കുറ്റകൃത്യങ്ങൾ, മാലിന്യങ്ങൾ തള്ളുന്നത്, അനധികൃത പാർക്കിങ് എന്നിവ പോലീസ് ക്യാമറയുടെ സഹായത്തോടെയാണ് പിടികൂടിയിരുന്നത്.

6,57,236 രൂപ മുടക്കി സ്ഥാപിച്ചതാണ് ക്യാമറകൾ. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനെ തുടർന്ന് ക്യാമറകൾ തകരാറിലായി. പിന്നീട് തകരാർ പരിഹരിച്ച് 2017 ജൂലായിൽ പുനഃസ്ഥാപിച്ചു. എന്നാൽ ഒന്നരവർഷത്തിനുശേഷം ക്യാമറകളുടെ പ്രവർത്തനം വീണ്ടും നിലയ്ക്കുകയായിരുന്നു.

ക്യാമറകൾ ഇവിടങ്ങളിൽ
പേട്ട കവല, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മൂന്ന് ക്യാമറകൾ വീതവും തിരക്കേറിയ കെ.കെ. റോഡിൽ മൂന്നിടങ്ങളിലും സിവിൽ സ്‌റ്റേഷൻ പരിസരത്തും കുരിശുങ്കൽ കവലയിലും പുത്തനങ്ങാടി റോഡിൽ കെ.എസ്.ഇ.ബി. കവലയ്ക്ക് സമീപവും ഗ്രോട്ടോ ജങ്ഷനിലും തമ്പലക്കാട് റോഡിലുമാണ് ക്യാമറകളുണ്ടായിരുന്നത്.

ഉടൻ പുനഃസ്ഥാപിക്കും
പട്ടണത്തിലെ നിരീക്ഷണക്യാമറകൾ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് കരാർ നൽകുന്നതിന് കെൽട്രോണിനെ സമീപിച്ചു. മാലിന്യം തള്ളുന്നത് തടയുന്നതിനായി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചുവരികയാണ് എന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പറഞ്ഞു.