അവയവദാന സമ്മതപത്രം ഒപ്പിട്ടിരുന്ന കുമാരി ജോസിന്റെ സ്പന്ദിക്കുന്ന ഹൃദയവും കരളും വൃക്കകളും കണ്ണുകളും മസ്തിഷ്‌ക മരണം സംഭവിച്ചപ്പോൾ ബന്ധുക്കൾ ഏഴുപേർക്ക്‌ നല്കി വാക്ക് പാലിച്ചു

kumari jose

പെട്ടെന്നുണ്ടായ മസ്തിഷ്‌കാഘാതത്താല്‍ മെയ് 14-നാണ് ആലുവ പറമ്പയം മിറ്റത്താനിക്കല്‍ കുമാരി ജോസിനെ ഇടപ്പള്ളിയിലെ അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്
മാസങ്ങള്‍ക്ക് മുമ്പേ അവയവദാന ബോധവത്കരണ സന്ദേശവുമായി മാനവികയാത്ര നടത്തിയ ഫാ. ഡേവിസ് ചിറമ്മേലിന് വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മുഖേന കുമാരി ജോസ് അവയവദാന സമ്മതപത്രം കൈമാറിയിരുന്നു.

മെയ് 14-നു ആസ്പത്രിയില്‍ പ്രവേശിപ്പിശിക്കപെട്ട കുമാരി ജോസിനു , രണ്ടു ദിവസത്തിനകം മസ്തിഷ്‌ക മരണം സംഭവിച്ചപ്പോൾ , കുമാരി ജോസിന്റെ സ്പന്ദിക്കുന്ന ഹൃദയവും ആരോഗ്യമുള്ള കരളും വൃക്കകളും കണ്ണുകളും, ബന്ധുക്കൾ ഏഴുപേർക്ക്‌ നല്കി വാക്ക് പാലിച്ചു

മരണത്തിനും ജീവിതത്തിനുമിടയില്‍ രണ്ടു ദിവസങ്ങള്‍… മെയ് 16-നു ഉച്ചയ്ക്ക് ഒരു മണിയോടെ കുമാരി ജോസിന് മസ്തിഷ്‌ക മരണം സംഭവിച്ചു. അഞ്ച് മണിക്കൂറുകള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തന്നെയാണ് അവയവദാനത്തിന് മുന്‍കൈയെടുത്തത്. കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റി വെച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറം തന്നെയാണ് ഷിന്റോയിലും ഹൃദയം മാറ്റിവെച്ചത്.

മാസങ്ങള്‍ക്ക് മുമ്പേ അവയവദാന ബോധവത്കരണ സന്ദേശവുമായി മാനവികയാത്ര നടത്തിയ ഫാ. ഡേവിസ് ചിറമ്മേലിന് വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മുഖേന കുമാരി ജോസ് അവയവദാന സമ്മതപത്രം കൈമാറിയിരുന്നു. ഭര്‍ത്താവ് ജോസിനും മക്കളായ പവിനും പവിതയ്ക്കും അവയവദാനത്തെ കുറിച്ചും അതിന്റെ മാഹാത്മ്യത്തെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. ആ ധാരണയുടെ കരുത്തിലാണ് ആലുവ സ്വദേശിനി കുമാരി ജോസിന്റെ ശരീരത്തിലെ ഏഴ് അവയവങ്ങള്‍ ഏഴ് ജീവിതങ്ങളായി തുടിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ രാത്രി 1.30 വരെ നീണ്ടു. കുമാരിയുടെ ശരീരത്തില്‍ നിന്ന് സ്പന്ദിക്കുന്ന ഹൃദയവും ആരോഗ്യമുള്ള കരളും വൃക്കകളും കണ്ണുകളും സുരക്ഷിതമായി വേര്‍പെടുത്തി. ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സുകള്‍ മെഡിക്കല്‍ ബാഗുകളില്‍ നിക്ഷേപിച്ച അവയവങ്ങളുമായി വിവിധ ജില്ലകളിലേക്ക് പാഞ്ഞു. ഹൃദയം ലിസി ആസ്പത്രിയിലും വൃക്കകളിലൊരെണ്ണം കോട്ടയം മെഡിക്കല്‍ കോളേജിലും കണ്ണുകള്‍ അങ്കമാലിയിലെ ഐ ബാങ്കിലും സുരക്ഷിതമായെത്തി. ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ലിസി ആസ്പത്രിയിലും കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അമൃതയിലും നടന്നു. വൃക്ക മാറ്റിവെയ്ക്കല്‍ കോട്ടയം മെഡിക്കല്‍ കോളേജിലും അമൃതയിലുമായാണ് നടന്നത്. കേരള സര്‍ക്കാരിന്റെ കേരള നെറ്റ്‌വര്‍ക്ക് ഓര്‍ഗന്‍ ഷെയറിംഗ് ഫ്രമൃതസഞ്ജീവനിയ്ത്ത വെബ്‌സൈറ്റില്‍ അവയവങ്ങള്‍ക്ക് വേണ്ടി ആദ്യം രജിസ്റ്റര്‍ ചെയ്ത ഏഴ് പേര്‍ക്കാണ് കുമാരി ജോസിന്റെ അവയവങ്ങള്‍ ലഭിച്ചത്.

ലിസി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുളന്തുരുത്തി കാട്ടുപാടത്ത് ഷിന്റോ കുര്യാക്കോസിന് (22) വേണ്ടിയാണ് കുമാരി ജോസിന്റെ ഹൃദയം ഇനി സ്പന്ദിക്കുക. ആറ് മാസമായി ഷിന്റോ ചികിത്സയിലാണ്. ലിസി ആസ്പത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനായി ജോലി നോക്കുകയായിരുന്നു ഷിന്റോ. പതിനഞ്ച് വയസ്സ് മുതല്‍ ഹൃദയ സംബന്ധമായ അസുഖമുണ്ട്. ഒരു മാസമായി ഹൃദയസ്പന്ദന നിരക്ക് കുറഞ്ഞ നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഹൃദയം മാറ്റിവെയ്ക്കാനായി ശ്രമം നടന്നത്. മുമ്പ് രണ്ടുതവണ ഹൃദയം മാറ്റിവെയ്ക്കലിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല.

യാദൃച്ഛികമായാണ് കേരളത്തില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ പത്താം വാര്‍ഷികത്തില്‍ ഷിന്റോയ്ക്ക് ഹൃദയം മാറ്റിവെയ്ക്കല്‍ നടക്കുന്നത്. ആദ്യ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം തന്നെയാണ് ഷിന്റോയ്ക്കു വേണ്ടി കുമാരി ജോസിന്റെ ഹൃദയം തുന്നിച്ചേര്‍ക്കാന്‍ നേതൃത്വം നല്‍കിയത്. കേരളത്തില്‍ നടക്കുന്ന മൂന്നാമത്തെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണിത്.

ഷിന്റോയുടെ വൃക്കകളും ശ്വാസകോശവും കരളും തകരാറിലായതുകൊണ്ട് ഹൃദയം മാറ്റിവെയ്ക്കലിന് ശേഷവും ഷിന്റോ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇനി ഒരിക്കലും സാധാരണ ഗതിയില്‍ സ്പന്ദിക്കില്ലെന്ന് കരുതിയ ഹൃദയം സ്പന്ദിച്ച് തുടങ്ങിയപ്പോള്‍ അച്ഛന്‍ കുര്യാക്കോസിനും അമ്മ ഷീലയ്ക്കും ഷിന്റോയുടെ സഹോദരിക്കും പ്രതീക്ഷയുടെ നിമിഷങ്ങളായിരുന്നു. ലിസി ആസ്പത്രി ഹൃദയ ശസ്ത്രക്രിയാ വിഭാഗം തലവന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. റോണി മാത്യു, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗം തലവന്‍ ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് ജെ. തോമസ് എന്നിവരാണ് അമൃത ആസ്പത്രിയിലെത്തി കുമാരിയുടെ ശരീരത്തില്‍ നിന്ന് ഹൃദയം അടര്‍ത്തിയെടുത്തത്. ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്.

അടിമാലി സ്വദേശി സജീവ് കുരുവിളയ്ക്കാണ് കുമാരി ജോസിന്റെ കരള്‍ ലഭിച്ചത്. നാല് മാസമായി പുതിയ കരളിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സജീവ്. ആ കാത്തിരിപ്പാണ് പുതു പ്രതീക്ഷയില്‍ അവസാനിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നാല് വര്‍ഷമായി ഡയാലിസിസ് നടത്തിവരുന്ന മനോജിനാണ്(45) കുമാരിയുടെ ഒരു വൃക്ക തുന്നിച്ചേര്‍ത്തത്. ഒരു മരണത്തില്‍ ഇല്ലാതാവേണ്ട അവയവങ്ങളാണ് കുമാരി ജോസിന്റെ കുടുംബാംഗങ്ങളുടെ ഉചിത തീരുമാനം കൊണ്ട് ഏഴ് പേരില്‍ തുടിക്കുന്നത്.

ലേറ്റസ്റ്റ് ന്യൂസ്‌ :-

കരള്‍മാറ്റം രക്ഷയായില്ല; സജീവ് യാത്രയായി
അടിമാലി:കുമാരിയുടെ കരളുമായി സജീവിന് ജീവിതയാത്ര തുടരാനായില്ല. അടിമാലി ചാറ്റുപാറ പുല്ലന്‍വീട്ടില്‍ സജീവ് കുരുവിള(38) കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി 72 മണിക്കൂറിനുശേഷം മരണത്തിന് കീഴടങ്ങി.

sajeev kuruvila died after getting leverമസ്തിഷ്‌കമരണം സംഭവിച്ച ആലുവ പറമ്പയം മിറ്റത്താനിക്കല്‍ കുമാരി ജോസിന്റെ കരളാണ് സജീവിന് നല്‍കിയത്. ബന്ധുക്കളുടെ തീരുമാനപ്രകാരം കുമാരിയുടെ അവയവങ്ങള്‍ ഏഴുപേര്‍ക്കായി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ സജീവ് കൊച്ചി അമൃത ആസ്പത്രിയില്‍ മരിച്ചു. മെയ് 16ന് രാത്രി 10 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ പുലര്‍ച്ചെയാണ് അവസാനിച്ചത്. രണ്ടുദിവസം ആശങ്കയില്ലാതെ കടന്നുപോയി. തിങ്കളാഴ്ച പുലര്‍ച്ചെയോടെ സജീവിന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞു. തുടര്‍ന്ന് മരണം സംഭവിച്ചു. നാലുമാസമായി അമൃത ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സജീവ് യോജിക്കുന്ന കരളിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 14ന് മസ്തിഷ്‌കമരണം സംഭവിച്ച കുമാരിയുടെ കരള്‍ ലഭിച്ചത്. സജീവിന് പുതുജീവന്‍ കിട്ടിയെന്ന പ്രതീക്ഷയില്‍ രണ്ടുദിവസം അമൃത ആസ്പത്രിയില്‍ കഴിഞ്ഞ ബന്ധുക്കള്‍ ഹൃദയംപൊട്ടുന്ന വേദനയോടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയത്.

എറണാകുളം ലിസി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുളന്തുരുത്തി സ്വദേശി ഷിന്‍േറാ കുര്യാക്കോസിനാണ് കുമാരിയുടെ ഹൃദയം നല്‍കിയത്.

കുമാരിയുടെ ഒരു വൃക്ക നല്‍കിയത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 45കാരനായ മനോജിനാണ്. രണ്ടാമത്തെ വൃക്കയും പുതുജീവനായി നല്‍കിക്കഴിഞ്ഞു. കുമാരിയുടെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് പ്രകാശവുമായി.

സിന്ധുവാണ് സജീവിന്റെ ഭാര്യ. സിറിള്‍ ഏക മകന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് മച്ചിപ്ലാവ് അസ്സീസി പള്ളിയിലെ കുടുംബകല്ലറയില്‍.

UPDATE on 27/05/2013

ഹൃദയം നല്‍കിയ കുമാരിക്ക്‌ പിന്നാലെ ഷിന്റോയും

shintoമുളന്തുരുത്തി: ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ മുളന്തുരുത്തി സ്വദേശി ഷിന്റോ കുര്യാക്കോസ്‌(22) മരിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം.

എറണാകുളം ലിസി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷിന്റോയുടെ വൃക്കകളും കരളും പ്രവര്‍ത്തനരഹിതമായതോടെയാണ്‌ ആരോഗ്യനില വഷളായത്‌. അമൃത ആശുപത്രിയില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച കുമാരിയുടെ ഹൃദയമാണ്‌ കഴിഞ്ഞ 15ന്‌ ഷിന്റോയ്‌ക്കു നല്‍കിയത്‌.
ആലുവ പറമ്പയം മിറ്റത്താനിക്കല്‍ കുമാരിയുടെ ഹൃദയം അമൃത ആശുപത്രിയിലെത്തി ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌ത്‌ ലിസി ആശുപത്രിയിലെത്തിച്ചാണ്‌ ഷിന്റോയുടെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തത്‌. അനുയോജ്യമായ ഹൃദയം ലഭിക്കാന്‍ ഏറെ െവെകിയതാണ്‌ ഷിന്റോയുടെ മരണത്തിനു കാരണമെന്ന്‌ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു നേതൃത്വം നല്‍കിയ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം പറഞ്ഞു.

രണ്ടു മാസത്തോളം അനുയോജ്യമായ ഹൃദയവും കാത്ത്‌ ഷിന്റോ ആശുപത്രിയിലായിരുന്നു. ഒടുവില്‍ കുമാരിയുടെ ഹൃദയം നല്‍കാന്‍ വീട്ടുകാര്‍ തയാറായി. പ്രവര്‍ത്തനം തകരാറിലായ ഹൃദയവുമായി ദിവസങ്ങളോളം കഴിയേണ്ടി വന്നത്‌ കിഡ്‌നിയേയും ശ്വാസകോശത്തേയും ബാധിച്ചു. ശ്വാസകോശത്തിലേക്കു ശരിയായ
രീതിയില്‍ രക്‌തം പമ്പ്‌ ചെയ്യാന്‍ സാധിക്കാതെ വന്നതും മരണകാരണമായി. അതിനിടെ കരളില്‍ മഞ്ഞപ്പിത്തവും ബാധിച്ചു.

പുതിയ ഹൃദയം ശരീരത്തില്‍ തുന്നിച്ചേര്‍ത്തുകഴിഞ്ഞാല്‍ കിഡ്‌നിയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലേക്കു കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കൂട്ടിച്ചേര്‍ത്ത ഹൃദയത്തിന്‌ ശരീരവുമായി പെട്ടെന്നു പൊരുത്തപ്പെടാനായില്ല. ഇതിനിടെ ഹൃദയത്തിന്റെ വലതുവശത്തെ അറയ്‌ക്ക്‌ തകരാറും സംഭവിച്ചു. കൃത്രിമമായി യന്ത്രസഹായത്താല്‍ ഹൃദയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണതോതില്‍ ഹൃദയത്തിന്‌ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ഡോ. ജോസ്‌ ചാക്കോ പറഞ്ഞു. ഹൃദയം നല്‍കാന്‍ കൊച്ചിയിലെ അമൃത ആശുപത്രിയും കുമാരിയുടെ ബന്ധുക്കളും തയാറായത്‌ മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൃദയസംബന്ധമായ അസുഖം മൂലം മൂന്നുമാസം മുമ്പാണ്‌ ഷിന്റോയെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങള്‍ക്കും രോഗം ബാധിച്ച്‌ ഗുരുതരാവസ്‌ഥയില്‍ ആയിരുന്നു ഷിന്റോ. പെരുമ്പിള്ളി കാട്ടുപാടത്ത്‌ കുര്യാക്കോസിന്റെയും ഷീലയുടെയും മകനാണ്‌. സഹോദരി: ഷാനി.

സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ ഡോ. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വന്‍ ജനാവാലിയുടെ സാന്നിധ്യത്തില്‍ െവെകിട്ട്‌ ആറിന്‌ മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ കത്തിഡ്രലില്‍ സംസ്‌കാരം നടത്തി.