അവശ്യസാധനങ്ങൾ വാങ്ങാൻ തിരക്കോട് തിരക്ക്; സൂപ്പർ മാർക്കറ്റുകളിൽ ഒരേ സമയം 10 പേരെ ‍ മാത്രം


കാഞ്ഞിരപ്പള്ളി∙ ജനതാ കർഫ്യൂ കഴിഞ്ഞ് ടൗണിൽ ഇന്നലെ ആവശ്യ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ടൗണിലെ കടകൾ ഭാഗികമായാണു തുറന്നു പ്രവർത്തിച്ചത് . പലചരക്ക്, മെഡിക്കൽ സ്റ്റോർ, സൂപ്പർ മാർക്കറ്റുകൾ ,റേഷൻ കടകൾ ,പച്ചക്കറിക്കടകൾ തുടങ്ങി ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു. സ്വർണ കടകളും മൊബൈൽ ഫോൺ ഷോപ്പുകളും തുറന്നു. ‍ എന്നാൽ ഭൂരിഭാഗം ഹോട്ടലുകളും‍ പ്രധാന വസ്ത്ര വ്യാപാര സ്ഥാപനങ്ങളും‍ തുറന്നില്ല. ബേക്കറികളും, ലേഡീസ് ഫാൻസി സ്റ്റോറുകളും പലതും തുറന്നില്ല. താലൂക്കിലെ ബാർബർ ഷോപ്പുകളും, ബ്യൂട്ടി പാർലറുകളും 31 വരെ അടച്ചു. രാവിലെ മുതൽ സൂപ്പർ മാർക്കറ്റുകളിലും, സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും അവശ്യ സാധനങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടു.

സൂപ്പർ മാർക്കറ്റുകൾ

താലൂക്കിലെ തിരക്കേറിയ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഒരേ സമയം 10 പേരെ ‍ മാത്രം പ്രവേശിക്കുപ്പിക്കുന്ന വിധം ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. ക്യൂ നിൽക്കുന്നവർക്ക് നൽകുന്ന ടോക്കൺ നമ്പർ വിളിക്കുന്നതനുസരിച്ച് ആളുകൾക്ക് അകത്തേക്ക് പ്രവേശിക്കാം.കാഞ്ഞിരപ്പള്ളി സഹകരണ ബാങ്കിന്റെ പുത്തനങ്ങാടിയിലെ ജനതാ ഡിപ്പാർട്മെന്റ് സ്റ്റോറിൽ ആളുകളെ അകത്തേക്കു പ്രവേശിപ്പിക്കാതെ ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് വാങ്ങി പുറത്തേക്കു സാധനങ്ങൾ എത്തിച്ചു നൽകുകയാണു ചെയ്യുന്നത്. ‍മോർ സൂപ്പർ മാർക്കറ്റിൽ ഒരേ സമയം 5 പേരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ, ബാക്കിയുള്ളവർ പുറത്ത് ക്യൂ നിൽക്കണം,

നിയന്ത്രണം

ഇന്നലെ രാവിലെ മുതൽ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു സിവിൽ സപ്ലൈസ് , പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ‍ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി. സൂപ്പർ മാർക്കറ്റുകളിലും ബവ്റിജസ് മദ്യവിൽപന കേന്ദ്രത്തിലും മറ്റും പാലിക്കേണ്ട അകലം സംബന്ധിച്ച് കർശന നിർദേശം നൽകി. രാവിലെ ആളുകൾ കൂടുതൽ എത്തിയ പൊൻകുന്നം സുലഭ സൂപ്പർ മാർക്കറ്റിലും സപ്ലൈകോ സൂപ്പർ മാർക്കറ്റിലും ആളുകളെ നിയന്ത്രിക്കാൻ പൊലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചു. .

യാത്രാ ബസുകൾ

ദിവസവും 150ലേറെ ബസുകൾ കടന്നു പോകുന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലൂടെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ കടന്നു പോയത് 30 സ്വകാര്യ ബസുകൾ മാത്രമാണ്. ഓടിയ ബസുകളിലാകട്ടെ യാത്രക്കാർ വളരെ കുറവും.

സ്റ്റോക്കുണ്ട്

താലൂക്കിലെ 135 റേഷൻ കടകളിലും റേഷൻ ഡിപ്പോയിലുമായി ഒന്നര മാസത്തേക്കുള്ള സാധനങ്ങൾ സ്റ്റോക്ക് ഉള്ളതായി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.കേന്ദ്ര വിഹിതം ലഭിക്കാതെ വന്നതിനാൽ വെള്ള കാർഡിനും, നീല കാർഡിനും മാത്രം ഈ മാസം മണ്ണെണ്ണ ലഭിക്കില്ല.താലൂക്കിലെ 135 റേഷൻ കടകളിലെ നിലവിലുള്ള സ്റ്റോക്ക് :കുത്തരി– 55 മെട്രിക് ടൺ, പുഴുക്കലരി -28 മെട്രിക് ടൺ, പച്ചരി – 4 മെട്രിക് ടൺ, ഗോതമ്പ്– 10 മെട്രിക് ടൺ, പഞ്ചസാര -7 മെട്രിക് ടൺ,താലൂക്ക് റേഷൻ ഡിപ്പോയിലെ നിലവിലുള്ള സ്റ്റോക്ക് :‍ ചാക്കരി– 33 മെട്രിക് ടൺ, പച്ചരി 5, ഗോതമ്പ് -8, കുത്തരി 38 മെട്രിക് ടൺ .135 കടകളിലായി 76000 കാർഡുടമകൾ ആണുള്ളത് ഒന്നര മാസത്തെ വിതരണത്തിനുള്ള സ്റ്റോക്ക് നിലവിലുള്ളതായും മേയ് മാസത്തേക്കുള്ള സാധനങ്ങൾ ഏപ്രിൽ 10 നു മുൻപ് ഗോഡൗണിൽ എത്തുമെന്നും താലൂക്ക്  സപ്ലൈ ഓഫിസർ അറിയിച്ചു. സത്യപാൽ അറിയിച്ചു .മാർച്ച് മാസത്തെ വാതിൽപ്പടി വിതരണം താലൂക്കിൽ പൂർത്തിയായിരുന്നു. ഏപ്രിൽ മാസത്ത വാതിൽപ്പടി വിതരണം നേരത്തെയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സപ്ലൈ ഓഫിസർ അറിയിച്ചു.

സപ്ലൈകോ ഡിപ്പോ

താലൂക്കിലെ സപ്ലൈകോ ഡിപ്പോയിൽ പഞ്ചസാര മാത്രം സ്റ്റോക്ക് കുറവാണ്. മാർച്ച് മാസത്തിൽ എത്തേണ്ട ഏഴു ലോഡ് പഞ്ചസാര, ഒന്നര ലോഡ് കടല, മൂന്നു ലോഡ് ഉഴുന്ന് എന്നിവ എത്താനുണ്ട്. കരാറുകാർ‍ എത്തിക്കാൻ വൈകുന്നതാണ് കാരണം. അരി,തുവര പരിപ്പ്, ചെറുപയർ,വൻപയർ, പച്ചരി, സുരേഖ അരി,ജയ അരി, മുളക്, മല്ലി, കടുക് തുടങ്ങിയ പല ചരക്ക് സാധനങ്ങളും അരിപ്പൊടികൾ, കറി മസാലകൾ ,സ്റ്റേഷനറി എന്നിവയും ‍ രണ്ടു മാസത്തേക്കുള്ള സ്റ്റോക്ക് ‍ ഡിപ്പോയിലും ഔട്ട്‌ലെറ്റുകളിലുമായി ഉണ്ടെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു. .

ആശുപത്രികൾ.

ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.ജനറൽ ആശുപത്രിയിൽ ഇന്നലെ ചികിത്സ തേടി എത്തിയത് 635 പേരാണ്. സാധാരണ ദിവസങ്ങളിൽ ആയിരത്തോളം പേർ എത്തുന്ന ജനറൽ ആശുപത്രി ഒപി വിഭാഗത്തിൽ ‍ തിങ്കളാഴ്ച ദിവസങ്ങളിൽ ആയിരത്തി അഞ്ഞൂറോളം പേരാണ് ചികിത്സ തേടി എത്തി കൊണ്ടിരുന്നത്. ജനതാ കർഫ്യൂ ദിനത്തിൽ 232 പേരാണ് ഒപി വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലുമായി എത്തിയത്. കിടപ്പു രോഗികളുടെ എണ്ണവും കുറഞ്ഞു 142 കിടക്കകളുള്ള ആശുപത്രിയിൽ 70 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇവരെ കാണാൻ പുറത്തു നിന്നെത്തുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തി.

26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിലെ കിടപ്പു രോഗികളെ കാണാനെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഒപിയിലും സന്ദർശനത്തിനുമായി എത്തുന്നവരുടെ പനിയും മറ്റ് ലക്ഷണങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തി വിടുക. പനിയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ പ്രത്യേകം മുറിയിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.