അവശ്യ സാധനങ്ങൾ വാങ്ങാൻ വൻതിരക്ക്, ആളുകൾ കൂട്ടത്തോടെ നഗരത്തിലിറങ്ങി


ARCH 24, 2020 06:56 AM IST

.

കോവിഡ് ബാധിതരെ കണ്ടെത്തിയ ജില്ലകൾ അടച്ചിടുമെന്ന ഭീതിയെ തുടർന്ന് അവശ്യ സാധനങ്ങൾ വാങ്ങാൻ വൻതിരക്ക്. ചെറിയ ടൗണുകളിൽപ്പോലും ആളുകൾ കൂട്ടത്തോടെ നഗരത്തിലിറങ്ങി. 5 പേരിൽ കൂടുതൽ ഒത്തുകൂടരുതെന്ന മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും സൂപ്പർ മാർക്കറ്റുകളിൽ അടക്കം വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.ഇന്നലെ ജനതാ കർഫ്യൂവിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ എത്തിയതിനേക്കാൾ കൂടുതൽ ആളുകൾ നഗരത്തിലേക്കെത്തി. പൊതുഗതാഗത സംവിധാനം ഉപേക്ഷിച്ച് ഭൂരിഭാഗം പേരും സ്വന്തം വാഹനത്തിലാണ് നഗരത്തിലെത്തിയത്. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും ഉണ്ടായി.

മലയോര മേഖലയിൽ നിന്നുൾപ്പെടെ ഒട്ടേറെയാളുകളാണു എത്തിയത്. പൊതുവേ തിരക്കേറിയ നഗരത്തിൽ ഇതോടെ തിരക്കു വർധിച്ചു. കർഫ്യൂ ദീർഘിപ്പിച്ചാൽ ആവശ്യമായ  സാധനങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് സർക്കാർ ഉറപ്പ് നൽകുമ്പോഴും ആശങ്കമൂലം ആളുകൾ നഗരത്തിലെത്തുന്നുണ്ട്.

ജനങ്ങൾ കൂട്ടം കൂടുകയോ സർക്കാർ നിർദേശം ലംഘിക്കുകയോ ചെയ്താൽ കർശന നടപടികൾ സ്വീകരിക്കാൻ നിർദേശം നിൽക്കുകയും ചെയ്തു. നഗരസഭയും പൊലീസും മുന്നറിയിപ്പുമായി രംഗത്തെത്തി. ഉച്ചയോടെ തിരക്കു കുറഞ്ഞു.കെഎസ്ആർടിസി മലയോര മേഖലകളിലേക്കുള്ള സർവീസ് മാത്രമാണ് നടത്തിയത്.

അണുനാശിനി  തളിച്ചു

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ അഗ്നിരക്ഷാസേന അണുനാശിനി പ്രയോഗം നടത്തി. ജനങ്ങൾ കൂടുതൽ എത്തുന്ന ജംക്‌ഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ആളുകളെ മാറ്റി നിർത്തിയാണ് അണുനാശിനി പ്രയോഗം നടത്തിയത്.