അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റവും ക്ഷാമവും നിർമാണമേഖലയിൽ പ്രതിസന്ധിക്കിടയാക്കുന്നു

പൊൻകുന്നം∙ അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റവും ക്ഷാമവും നിർമാണമേഖലയിൽ പ്രതിസന്ധിക്കിടയാക്കുന്നതായി ലെൻസ് ഫെഡ് സംസ്ഥാന സമതി. മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ മാസങ്ങളായി പട്ടിണിയിലാണ്. നിർമാണ മേഖലയിൽ നേരിട്ടല്ലാതെ ജോലിയെടുക്കുന്നവരും ജോലിയില്ലാതെ വലയുകയാണ്. ഉൽപാദകരുടെയും ഉടമകളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് സാധന വില ഉയരുന്നത്.

ജലസംഭരണികളിൽ അടിഞ്ഞു കൂടിക്കിടക്കുന്ന മണൽ ശേഖരിച്ച് വിതരണം നടത്തുക വഴി മണൽ ക്ഷാമം കുറയ്ക്കുവാനും ഡാമുകൾക്ക് ജലസംഭരണ ശേഷി കൂട്ടുവാനും സാധിക്കും. ഇത്തരം നടപടികളിലും നിർമാണ സാമഗ്രികളുടെ അന്യായമായ വിലക്കയറ്റത്തെ പിടിച്ചു നിർത്താനുള്ള അടിയന്തര നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ലെൻസ് ഫെഡ് സംസ്ഥാന സമതി സംസ്ഥാന പ്രസിഡന്റ് ആർ.കെ.മണിശങ്കർ, സെക്രട്ടറി പി.എം.സനിൽകുമാർ, ആർ.എസ്.അനിൽ കുമാർ എന്നിവർ ആവശ്യപ്പെട്ടു.