അസഹ്യം ഈ പകൽച്ചൂട്



കാഞ്ഞിരപ്പള്ളി : പകൽച്ചൂട് 36 ഡിഗ്രി സെൽഷ്യസ്. പൊള്ളുന്ന ചൂടിൽ ചുട്ടുപഴുത്തു നഗരവാസികൾ. ഇടയ്ക്കു ഒരു ദിവസം പെയ്ത മഴ ചെറിയ ആശ്വാസം നൽകി എങ്കിലും പകൽച്ചൂട് അസഹനീയമാണ്. ചൂടിനൊപ്പം വൈദ്യുതി മുടക്കവും കൂടിയാകുമ്പോൾ ദുരിതം ഇരട്ടിക്കുകയാണ്.

കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കു രേഖപ്പെടുത്തിയത് 36 ഡിഗ്രി സെൽഷ്യസ് ചൂടാണ്. കുറഞ്ഞത് 20 ഡിഗ്രിയും. രാവിലെ 11നു രേഖപ്പെടുത്തിയത് 33 ഡിഗ്രി സെൽഷ്യസ്. 11 മുതൽ 4 വരെ ഇരുചക്രവാഹനക്കാർ ഉൾപ്പെടെ ഉള്ളവർ റോഡിൽ ഇറങ്ങാൻ മടിക്കുകയാണ്. ചുട്ടുപൊള്ളുന്ന വെയിലത്തു പണിയെടുക്കുന്നതു ബുദ്ധിമുട്ടായി മാറി. ഓഫിസുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ പോലും കഴിയാത്ത വിധം ചൂടു കൂടി.

പല സ്ഥലങ്ങളിലും മിക്കവാറും ദിവസങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കം നാട്ടുകാരെ വലയ്ക്കുന്നു. കെട്ടിടങ്ങൾക്കുള്ളിൽ ഇരിക്കാൻ കഴിയാതെ ജനം തണലും കാറ്റും തേടി പുറത്തിറങ്ങുന്ന കാഴ്ചയാണ്. മിക്കവാറും ദിവസങ്ങളിൽ അറ്റകുറ്റപ്പണികളുടെ പേരിൽ രാവിലെ മുതൽ വൈകിട്ട് വരെ പ്രഖ്യാപിത വൈദ്യുതി മുടക്കം ഉണ്ടാകുന്നതു നാട്ടുകാരെ വലയ്ക്കുന്നു.