ആംബുലൻസ് എത്തിയില്ല; വഴിയിൽ അനാഥമായി മൃതദേഹം

എരുമേലി∙ അഴുതയാറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പൊലീസും നാട്ടുകാരും ചേർന്നു കരയ്ക്ക് എത്തിച്ചെങ്കിലും മൂന്നു മണിക്കൂർ പിന്നിട്ടിട്ടും ആംബുലൻസ് എത്തിയില്ലെന്ന് ആരോപണം. വിവിധ സർക്കാർ ആശുപത്രികളിലേക്ക് പൊലീസാണ് ആംബുലൻസ് ആവശ്യപ്പെട്ടത്.

ജീർണാവസ്ഥയിലായ മൃതദേഹം കൊണ്ടുപോകാൻ ചിലർ കാട്ടിയ വൈമനസ്യമാണ് ഇതിനുകാരണമെന്ന് ആക്ഷേപം ഉയർന്നു. തീർഥാടനകാലമായതിനാൽ ഒരു ഡസൻ ആംബുലൻസ് എരുമേലിയിൽ ഉണ്ടായിരുന്നിട്ടു കൂടിയാണ് ഈ അനാസ്ഥ.
ഇന്നലെ രാവിലെ 10നാണ് അഴുതാനദിയിലെ മൂക്കംപെട്ടിയിൽ പുരുഷന്റെ മൃതദേഹം ഈറ്റ വെട്ടാനെത്തിയ തൊഴിലാളികൾ കണ്ടത്.

ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് എരുമേലി പൊലീസ് എത്തി. പിന്നീട് മൃതദേഹം കരയ്ക്ക് എത്തിക്കുകയും ചെയ്തു.
എന്നാൽ എരുമേലിയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് വിളിച്ച് ആംബുലൻസ് സൗകര്യം പൊലീസ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെത്രേ.

നാലു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് കടുത്ത ദുർഗന്ധമുണ്ടായത് നാട്ടുകാരെയും ശബരിമല തീർഥാടകരെയും വിഷമത്തിലാക്കി. ഒടുവിൽ ഫയർ ഫോഴ്സ് ആംബുലൻസ് എത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.