ആചാരസംരക്ഷണത്തിന് അഖണ്ഡനാമജപയജ്ഞം

എരുമേലി ∙ ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം ശക്തമാകുന്നു. എരുമേലിയടക്കമുള്ള ഇടത്താവളങ്ങളിലും പമ്പയിലും സന്നിധാനത്തിലും വൻ പൊലീസ് സന്നാഹങ്ങൾ നിലയുറപ്പിച്ചിരിക്കെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഭക്തരും പ്രാർഥനയിലൂടെ പ്രതിഷേധം ശക്തമാക്കുകയാണ്. ഇന്നലെ ശബരിമല നട തുറന്ന വൈകിട്ട് 5നു ധർമശാസ്താ ക്ഷേത്രാങ്കണത്തിൽ അഖണ്ഡനാമജപയജ്ഞം ആരംഭിച്ചു. ഇന്നു രാത്രി ശബരിമല ക്ഷേത്ര നട അയ്ക്കുന്നതു വരെ യജ്ഞം തുടരും.

ആചാരങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ശബരിമല കർമസമിതിയുടെ നേതൃത്വത്തിലാണു യജ്ഞം നടത്തുന്നത്. രാത്രി വൈകിയും യജ്ഞത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. ശബരിമലയിലേക്കു പോകാൻ എരുമേലിയിലെത്തുന്ന തീർഥാടകരും യജ്ഞത്തിൽ പങ്കുചേർന്നാണ് യാത്ര തുടരുന്നത്. ശബരിമല കർമസമിതി ജില്ലാ പ്രസിഡന്റ് കെ.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി, ഹരികൃഷ്ണൻ കനകപ്പലം, എസ്.മനോജ് , കരിൺ സതീഷ്, വൈശാഖ് വിക്രമൻ എന്നിവർ പ്രസംഗിച്ചു. രാത്രി വൈകിയും നടക്കുന്ന യജ്ഞത്തിൽ ഭക്തരുടെ പങ്കാളിത്തം സജീവമായുണ്ട്.

മുണ്ടക്കയം ∙ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഈഡിക്കൽ ശ്രീദുർഗാപരമേശ്വരീ സേവാ സമിതിയുടെ നേതൃത്വത്തിൽ ഈഡിക്കൽ ക്ഷേത്രത്തിൽ നിന്നു ചെന്നാപ്പാറ മഹാദേവക്ഷേത്രത്തിലേക്കു ശരണ മന്ത്രനാമജപയാത്ര നടത്തി. സമാപനയോഗം ക്ഷേത്രം സെക്രട്ടറി സുനിൽസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ദാസൻ കൊമ്പുകുത്തി പ്രസംഗിച്ചു. അനിൽകുമാർ, എസ്. ബിനു, സ്വരൂപ് സോമരാജൻ എന്നിവർ നേതൃത്വം നൽകി.