ആത്മയുടെ പുരസ്കാരം കൂട്ടിക്കല്‍ ഫാം ക്ളബ്ബിന്

1-web-kootikkal-farm-clubin-puranskaram

കാഞ്ഞിരപ്പള്ളി: പ്രവര്‍ത്തന മികവിനും ഒത്തൊരുമയ്ക്കും അംഗീകാരമായി കൂട്ടിക്കല്‍ ഫാം ക്ളബ്ബിന് ആത്മയുടെ പുരസ്കാരം. 20000 രൂപയും ഫലകവും കോട്ടയത്തുനടന്ന ആത്മ മേളയില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എയില്‍ നിന്നു ക്ളബ്ബ് ഭാരവാഹികള്‍ ഏറ്റുവാങ്ങി.

2004ലാണ് കൂട്ടിക്കല്‍ ഫാം ക്ളബ്ബിന്റെ ആരംഭം. ഒരുകൂട്ടം കര്‍ഷകരുടെയും കൃഷി ഓഫീസറായിരുന്ന സി. അമ്പിളി, അസിസ്റന്റ് എ.ജെ. അലക്സ് റോയി എന്നിവരുടെയും ശ്രമഫലമായിട്ടാണ് കൂട്ടിക്കല്‍ ഫാംക്ളബ്ബ് രൂപീകൃതമായത്. എല്ലാ മാസങ്ങളിലും സന്നദ്ധതയുള്ള ഓരോ കര്‍ഷകന്റെയും കൃഷിയിടങ്ങളില്‍ ക്ളബ്ബിന്റെ യോഗം ചേരും. കര്‍ഷകന്റെ പ്രശ്നങ്ങളും മറ്റു കൃഷി സാധ്യതകളും ചര്‍ച്ച ചെയ്യും. ഒപ്പം, പരിഹാരമാര്‍ഗങ്ങളും കണ്െടത്തിയതിനു ശേഷമായിരിക്കും യോഗം പിരിയുന്നത്. കൂടാതെ ചെറു പഠനപരിപാടികളും മൂന്നു മാസം കൂടുമ്പോള്‍ ഫാം ക്ളബ്ബിന്റെ നേതൃത്വത്തില്‍ കര്‍ഷക സെമിനാറുകളും നടത്തിവരുന്നു.

കൃഷിഭവനും ഫാം ക്ളബ്ബും കൂട്ടായി പരിശ്രമിച്ചതിന്റെ ഫലമായി പുഷ്പ കര്‍ഷക ക്ളബ്ബ്, മത്സ്യ കര്‍ഷക ക്ളബ്ബ്, തേന്‍ കര്‍ഷക ക്ളബ്ബ്, പച്ചക്കറി കര്‍ഷക ക്ളബ്ബ് എന്നിവയും ആരംഭിച്ചു. കൂടാതെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനായി കൂട്ടിക്കല്‍ ഫാര്‍മേഴ്സ് ഓപ്പണ്‍ മാര്‍ക്കറ്റും തുടങ്ങി. എല്ലാ തിങ്കളാഴ്ചയും പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ മാര്‍ക്കറ്റില്‍വച്ചു തന്നെ ഉല്‍പ്പന്നങ്ങള്‍ ലേലം ചെയ്ത് നല്‍കും.

കാര്‍ഷിക വിജ്ഞാന വ്യാപന രംഗത്തും ക്ളബ്ബ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിയെക്കുറിച്ച് വിവരിക്കുന്ന ഹരിത ദീപ്തി, നാട്ടറിവുകളുടെ ശേഖരമായ വായ്മൊഴി – വരമൊഴി എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും പഞ്ചായത്തും സംയുക്തമായി കെട്ടിടം നിര്‍മിക്കുന്നതിനും മറ്റ് അനുബന്ധ സജ്ജീകരണങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്.

ക്ളബ്ബിന് കൃഷിവകുപ്പ്, ആത്മ, നബാര്‍ഡ് എന്നിവയുടെ സഹായവും ലഭിക്കുന്നുണ്ട്. പ്രസിഡന്റ് ബാബു കുര്യന്‍, സെക്രട്ടറി പി.എസ്. ജോര്‍ജ്, ട്രഷറര്‍ വി.എസ്. നാണപ്പന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ക്ളബ്ബിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍പടിക്കുന്നത്.