ആത്മഹത്യയ്ക്ക് ശ്രമിച്ച 15 കാരിയെ പീഡിപ്പിച്ചത് മൂന്ന് വര്‍ഷം; ക്രൂരത പുറത്തായത് പോലീസ് ഇടപെടലില്‍


മുണ്ടക്കയം: പതിനഞ്ചുകാരിയെ മൂന്നുവര്‍ഷമായി നാല് യുവാക്കള്‍ ലൈംഗികമായി ഉപദ്രവിച്ച സംഭവം പുറത്തായത് വനിതാ പോലീസ് നടത്തിയ കൗണ്‍സലിങ്ങിലൂടെ. മുണ്ടക്കയം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ എന്‍.ജി.പ്രിയയാണ് പെണ്‍കുട്ടിയെ അനുനയിപ്പിച്ച് വിവരശേഖരണം നടത്തിയത്. കുട്ടിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത് ഈ ഇടപെടലാണ്.

ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി വീട്ടിലെത്തിയ ശേഷമായിരുന്നു മൊഴിയെടുത്തത്. കുട്ടിക്ക് നാല് വയസ്സുള്ളപ്പോള്‍ അമ്മ വീടുവിട്ടുപോയി. തുടര്‍ന്ന് രോഗിയായ വല്യമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി. അച്ഛന്‍ മറ്റൊരു വിവാഹംകഴിച്ച് പത്തനംതിട്ടയില്‍ താമസമാണ്. വല്യമ്മയുടെ ഫോണിലൂടെയായിരുന്നു കുട്ടി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നത്. ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ അച്ഛന്‍ വാങ്ങി നല്‍കിയിട്ട് അധികം കാലമായില്ല.

ഈ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോഴാണ് പലരുമായി കുട്ടി വീഡിയോ ചാറ്റിങ് നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരം വിവരശേഖരണത്തിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥയായ പ്രിയയെ സി.ഐ. വി.ഷിബുകുമാര്‍ കൗണ്‍സലിങ്ങിന് ചുമതലപ്പെടുത്തിയത്. ആദ്യമൊക്കെ പിടികൊടുക്കാതിരുന്ന പെണ്‍കുട്ടിയോട് ഒരമ്മയുടെ സ്ഥാനത്തുനിന്ന് ചോദിച്ചപ്പോള്‍ കുട്ടി മനസ്സ് തുറന്നു.

നന്മയെകരുതി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുവാന്‍ അനുഭാവപൂര്‍വം ആവശ്യപ്പെട്ടു. ശാരീരിക പരിശോധന നടത്തിയ ഡോക്ടര്‍ വിവരങ്ങള്‍ പറഞ്ഞതായി അറിയിച്ചതോടെയാണ് ചെറിയ ക്ലാസുമുതല്‍ ലൈംഗിക അതിക്രമത്തിന് കുട്ടി ഇരയായ ഞെട്ടിക്കുന്ന വിവരം വെളിപ്പെട്ടത്.

രാഹുല്‍ രാജാണ് പാഞ്ചാലിമേട്ടില്‍ വെച്ച് ഒരു തവണയും പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചു പലതവണയും ഉപദ്രവിച്ചത്. മഹേഷ് രണ്ടാനമ്മയുടെ വീടിന് സമീപത്തെ സ്വന്തം വീട്ടില്‍വച്ചും കുട്ടിയെ ഉപദ്രവിച്ചു. മൂന്നാമത്തെ കേസില്‍ പ്രതിയായ അനന്ദു അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മടുക്കയിലെ വീട്ടില്‍ വിളിച്ചുവരുത്തി ഉപദ്രവിച്ചു.

ഇക്കഴിഞ്ഞദിവസം പ്രതികളിലൊരാളായ അജിത്തും ആത്മഹത്യാശ്രമം നടത്തിയ മറ്റൊരു പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുംകൂടി കുഴിമാവിന് സമീപമുള്ള കണ്ടന്‍കയത്ത് പെണ്‍കുട്ടികളെയുമായി പോയി തിരികെവന്നു. ഈ സംഭവം ഒരുസ്ത്രീ കണ്ടു. ഇവര്‍ പെണ്‍കുട്ടികളെ ചോദ്യംചെയ്തു. അപ്പോള്‍ പുസ്തകം കൈമാറുവാന്‍ എത്തിയതായും ഉടന്‍ മടങ്ങുമെന്നും പറഞ്ഞു. പുസ്തകം എവിടെയെന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല. വിവരം വല്യമ്മയോട് പറയുമെന്ന് പറഞ്ഞതോടെ ഭയന്ന പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.