ആദ്യകാലസ്മരണകളുമായി അവര്‍ സ്‌കൂളിലെത്തി

ചിറക്കടവ്: ചാണകം മെഴുകിയ പള്ളിക്കൂടത്തിന്റെ തറയില്‍ 80 വര്‍ഷങ്ങള്‍ക്കു മുമ്പ് സാറിന്റെ ചൂരലിനു മുമ്പില്‍ ഭയന്ന് ചൂളിനിന്ന കുട്ടികള്‍ ഒരിക്കല്‍കൂടി ഒത്തുചേര്‍ന്നു. പുതുതലമുറ അവരെ സ്‌നേഹത്തോടെ സ്വീകരിച്ചിരുത്തി. ചിറക്കടവ് വെള്ളാള സമാജം സ്‌കൂളിന്റെ 83-ാം വാര്‍ഷികാഘോഷത്തിനാണ് ഓര്‍മകള്‍ പങ്കുവെയ്ക്കാന്‍ പഴയകാല വിദ്യാര്‍ഥികളെത്തിയത്. 83 വര്‍ഷത്തെ ചരിത്രവും പൂര്‍വവിദ്യാര്‍ഥികളുടെ ഓര്‍മ്മകുറിപ്പുകളടങ്ങിയ സ്മരണികയും ഈ വേളയില്‍ പ്രകാശനം ചെയ്തു.

ആദ്യകാല വിദ്യാര്‍ഥികളായ പൊന്‍കുന്നം പുതിയകാവ് ദേവസ്വം പ്രസിഡന്റും ചിറക്കടവ് വടക്കുംഭാഗം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റുമായ ഇരിക്കാട്ട് ആര്‍.സുകുമാരന്‍ നായര്‍, റിട്ട.കൃഷി ഓഫീസര്‍ വയമ്പൂക്കുന്നേല്‍ വി.എന്‍.രാമകൃഷ്ണപിള്ള, തങ്കമ്മ നാരായണപിള്ള മണ്ണാറാത്ത്, ഗൗരിയമ്മ കൂത്താടിയില്‍ എന്നിവരെയാണ് പുതിയ തലമുറ സ്വീകരിച്ച് ആദരിച്ചത്.

വാര്‍ഷിക സമ്മേളനം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ സുമേഷ് ശങ്കര്‍ പുഴയനാല്‍ അധ്യക്ഷത വഹിച്ചു. സ്വാമി ഭൂമാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്മരണിക പ്രകാശനം എ.ഇ.ഒ. പി.കെ.സരസമ്മ നിര്‍വഹിച്ചു. പൂര്‍വ വിദ്യാര്‍ഥികളെ ബ്ലോക്ക് പഞ്ചായത്തംഗം അമ്മിണിയമ്മ പുഴയനാല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പൂര്‍വ അധ്യാപികയായ പി.എന്‍.പൊന്നമ്മയെ ഗിരീഷ് എസ്.നായര്‍ ആദരിച്ചു.

സ്‌കൂള്‍ വികസന ഫണ്ട് കൂപ്പണ്‍ നറുക്കെടുപ്പ് എ.ആര്‍.സാഗര്‍ നിര്‍വഹിച്ചു. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ കെ.ബി. സാബു, ബി.രവീന്ദ്രന്‍ നായര്‍, പി.ആര്‍.ജയകുമാര്‍, ജിന്‍സ് തോമസ് എന്നിവര്‍ വിതരണം ചെയ്തു. കലാപരിപാടികള്‍ ഡോ.എന്‍ ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധര്‍ അധ്യക്ഷത വഹിച്ചു.