ആനക്കയം കുടിവെള്ള പദ്ധതി ഡോ. എന്‍. ജയരാജ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പൂതക്കുഴി പ്രദേശത്തെ 200 കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളം എത്തിക്കുന്നതിന്‌ 16 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മാണം പൂര്‍ത്തിയാക്കിയ ആനക്കയം കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം ഡോ. എന്‍. ജയരാജ്‌ എം.എല്‍.എ. നിര്‍വഹിച്ചു.

40000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി നിര്‍മിച്ചാണ്‌ ജലം വിതരണം ചെയ്യുന്നത്‌. കുളം നിര്‍മാണത്തിന്‌ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും മൂന്നുലക്ഷം രൂപയും ജലസംഭരണി നിര്‍മിക്കുന്നതിന്‌ ജില്ലാ പഞ്ചായത്തില്‍നിന്നും നാലുലക്ഷം രൂപയും അനുവദിച്ചിരുന്നു. ഗ്രാമപഞ്ചായത്ത്‌ 2012-13, 2013-14 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഏഴുലക്ഷം രൂപയും ഗുണഭോക്‌തൃ വിഹിതമായി രണ്ടുലക്ഷം രൂപയും ഉള്‍പ്പെടെ 16 ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതി പൂര്‍ത്തീകരിച്ചത്‌. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്‌ അഡ്വ. പി.എ. ഷെമീര്‍ അധ്യക്ഷതവഹിച്ചു. ആന്‍റോ ആന്‍റണി എം.പി. ഉദ്‌ഘാടനം ചെയ്‌തു. ജലസംഭരണി ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. മുഹിയുദീന്‍ ജുഅ മസ്‌ജിദ്‌ ഇമാം കെ.ഒ. സാദിഖ്‌ മൗലവി അനുഗ്രഹപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍റ്‌ ജെസി ഷാജന്‍, അംഗങ്ങളായ സെലിന്‍ സിജോ, സുരേന്ദ്രന്‍ കാലായില്‍, വി.എന്‍. രാജേഷ്‌, നിബു ഷൗക്കത്ത്‌, മുസ്ലിംലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ്‌ ബഡായില്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.കെ. നസീര്‍, വി.കെ. നസീര്‍, ചായി കണ്ടത്തില്‍, ആനക്കയം ജലവിതരണ സൊസൈറ്റി പ്രസിഡന്‍റ്‌ ടി.എ. അബ്‌ദുള്‍ അസീസ്‌ എന്നിവര്‍ പ്രസംഗിച്ചു.