ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്കു കഞ്ഞി വച്ചു വിളമ്പിയ കുഞ്ഞമ്മക്ക് കാരിത്തോടിന്റെ ആദരം

എരുമേലി ∙ ഉന്നതപദവിയിലിരിക്കുന്ന ശിഷ്യരെ പഠിപ്പിച്ചയാളല്ല. അറിവിന്റെ ഉയരങ്ങളിൽ എത്തിയുമില്ല. പക്ഷേ ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്കു കഞ്ഞി വച്ചു വിളമ്പി എന്ന ഒറ്റക്കാരണം മതിയായിരുന്നു കുഞ്ഞമ്മയെ പൊന്നാട അണിയിക്കാൻ.

നാടിന്റെ ആദരത്തിൽ മനം നിറഞ്ഞു കുഞ്ഞമ്മ വേദിയിൽ വിങ്ങിപ്പൊട്ടി. കാരിത്തോട് എൻഎംഎൽപി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിലായിരുന്നു ഈ രംഗം. സ്കൂളിൽ പഠിച്ചവർക്കും പഠിപ്പിച്ചവർക്കും കുഞ്ഞമ്മ എന്ന വിലങ്ങുപാറ മറിയയെ (80) മറക്കാനാവില്ല. 65 വർഷമായി കുഞ്ഞമ്മയാണ് സ്കൂളിൽ കഞ്ഞി വയ്ക്കുന്നതും വിളമ്പുന്നതും. പതിനഞ്ചാം വയസ്സിലാണു ജോലി തുടങ്ങിയത്.

സ്കൂളുകളിൽ ഉച്ചക്കഞ്ഞി ആരംഭിക്കും മുൻപ് ഉപ്പുമാവിന്റെയും സൂചി ഗോതമ്പിന്റെയും മെയിസിന്റെയും കാലത്ത് കുഞ്ഞമ്മ ഉണ്ടായിരുന്നു. അവയൊക്കെ കഴിച്ചു വളർന്നവർ വലുതായി. പ്രശസ്തരും അപ്രശസ്തരും അക്കൂട്ടത്തിലുണ്ട്.

മിടുക്കരും പ്രശസ്തരുമായ പൂർവ വിദ്യാർഥികളെ ആദരിക്കുന്ന കാഴ്ചശീലങ്ങളിൽ നിന്നു വ്യത്യസ്തമായ അനുഭവം പകർന്നാണു കാരിത്തോട് സ്കൂൾ ഇന്നലെ കുഞ്ഞമ്മയെ ആദരിച്ചത്. സദസ്സിനോടു കുഞ്ഞമ്മ അനുഭവങ്ങളും പറഞ്ഞു. സമീപത്തെ ചെറുവള്ളി എസ്റ്റേറ്റിലെ റബർ മരങ്ങളിൽ നിന്നു വിറകൊടിച്ച് ആഹാരം പാകം ചെയ്ത കഷ്ടപ്പാടിന്റെ കാലം അവർ പങ്കുവച്ചു. കുഞ്ഞമ്മയെ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ജോയി എന്നിവർ ചേർന്നു പൊന്നാട അണിയിച്ചു.