ആറിനെ രക്ഷിക്കാന്‍ നാട്ടാരുടെ കൂട്ടായ്മ

ഏന്തയാര്‍:മരണമണികേട്ട് അവരുണര്‍ന്നു; മാലിന്യ നിക്ഷേപത്താല്‍ നിമിഷംപ്രതി മരിക്കുന്ന പുല്ലകയാറിന്റെ രക്ഷയ്ക്കായി നാട്ടാര്‍ ഒത്തുചേര്‍ന്നു.

ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസായ പുല്ലകയാറിന്റെ രക്ഷയ്ക്കായി പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ പുല്ലകയാര്‍ സംരക്ഷണസമിതി രൂപവല്‍ക്കരിച്ചു. അറവുശാലയിലെ മാലിന്യം ഉള്‍പ്പെടെ വന്‍തോതില്‍ മാലിന്യം പുല്ലകയാറില്‍ എത്തുന്നു. അറവുശാലയില്‍നിന്നുള്ള ചോര കട്ടയായി ഒഴുകുന്നത് നിത്യസംഭവമാണ്.

ഇതിന് ശാശ്വത പരിഹാരത്തിനായി പഞ്ചായത്തിന്റെ സഹകരണത്തോടെ പുല്ലകയാറിനെ മാലിന്യമുക്തമാക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ് നാട്ടാരുടെ കുട്ടായ്മ.

ഏന്തയാര്‍ വ്യാപാരഭവനില്‍ പഞ്ചായത്തംഗം കെ.എസ്. മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റ്റി.എച്ച്.അബ്ദു, കുസുമം മുരളി, ആന്‍സി അഗസ്റ്റിന്‍, റ്റി.പി.സാജന്‍, കെ.പി.ചെല്ലപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റ്റി.എച്ച്.അബ്ദു കണ്‍വീനറായി 21 അംഗ കമ്മറ്റി രൂപവല്‍ക്കരിച്ചു.