ആഴിപൂജയ്ക്കായി മണിമലക്കാവ് ഒരുങ്ങി

മണിമല: അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘം, ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ ആരംഭംകുറിച്ച് ശബരിമല ക്ഷേത്രോല്പത്തി കാലം മുതല്‍ക്കേ മണിമലക്കാവില്‍ നടത്തി വരാറുളള ചരിത്രപ്രസിദ്ധമായ ‘ആഴിപൂജ’ 10ന് നടക്കും. നാളെ വൈകുന്നേരം ആറിന് അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ണത്തിടമ്പേറ്റിയ രഥഘോഷയാത്രയ്ക്ക് മണിമലക്കാവില്‍ മേല്‍ശാന്തിയും ക്ഷേത്രകാര്യ നിര്‍വഹണസമിതി ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കും.

1200 ല്‍ പരം വര്‍ഷം പഴക്കമുളള പുണ്യപുരാതനവും ചരിത്രപ്രസിദ്ധവുമായ മണിമലക്കാവ് ശ്രീ ഭഗവതി ക്ഷേത്രം ഐതിഹ്യ വൈവിധ്യംകൊണ്ടും ക്ഷേത്രമാഹാത്മ്യംകൊണ്ടും സുപ്രസിദ്ധിയാര്‍ജിച്ചതാണ്. ക്ഷേത്രം സംബന്ധിച്ച ഐതിഹ്യങ്ങള്‍ ശബരിമല ശ്രീധര്‍മ്മശാസ്താവുമായും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിയുമായും ബന്ധപ്പെട്ടിരിക്കുന്നു.

പന്തളം രാജകുമാരനായി വളര്‍ന്ന അയ്യപ്പസ്വാമിയെ പുലിപ്പാലിനായി ഘോരവനത്തിലേയ്ക്കയച്ചു. ഭഗവാന്‍ കാട്ടിലേക്ക് പോയശേഷം പന്തളത്ത് പല അനിഷ്ട സംഭവങ്ങളുമുണ്ടായി. അയ്യപ്പന്‍ ഈശ്വരാവതാരം തന്നെയെന്ന് മനസിലാക്കിയ രാജാവ് അയ്യപ്പനെ തേടിപ്പിടിച്ച് തിരികെക്കൊണ്ടുവരാന്‍ നാടിന്റെ നാനാഭാഗത്തേക്ക് അയച്ച സംഘങ്ങളില്‍ സുപ്രധാനമായത് അയ്യപ്പന്റെ മാതൃസ്ഥാനീയമായ അമ്പലപ്പുഴയില്‍ നിന്നു പുറപ്പെട്ട സംഘമായിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിയുടെ അനുഗ്രഹത്തോടെ പുറപ്പെട്ട സംഘത്തെ നയിക്കുവാനും രക്ഷിക്കുവാനുമായി ഭഗവാന്റെ ആജ്ഞ അനുസരിച്ച് വിഷ്ണുമായയായ സാക്ഷാല്‍ ഭഗവതിയും ദേവീപാര്‍ഷദനായ ഒരു ഭൂതത്താനും ഒപ്പം കൂടി. കൃഷ്ണപ്പരുന്തിന്റെ രൂപത്തില്‍ ഭഗവാനും സ്വയം സംഘത്തെ അനുഗമിച്ചു.

പല സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത സംഘം ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന (മണിമലക്കാവ്) സ്ഥലത്തുവന്ന് വിശ്രമിച്ചു. രാത്രിയില്‍ ആഴികൂട്ടി ഭജന കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ടിരുന്ന സംഘത്തിന് സമീപത്തുണ്ടായിരുന്ന കൂവളച്ചുവട്ടില്‍ ശ്രീ ധര്‍മ്മശാസ്താവിന്റെ അത്ഭുത ദര്‍ശനമുണ്ടായെന്നാണ് ഐതീഹ്യം. അയ്യപ്പ ജ്യോതിസു കണ്ട ശിലയെ അവര്‍ അവിടെത്തന്നെ പ്രതിഷ്ഠിച്ചു. ഇതാണ് ഇന്നും മണിമലക്കാവിലെ കൂവളത്തറ ശാസ്താവ് എന്ന് ഭക്ത ജനങ്ങള്‍ വിശ്വസിച്ചുവരുന്നു.

ധര്‍മ്മ ശാസ്താവിന്റെ സാന്നിധ്യമുളള സ്ഥലം തന്റെ അധിവാസത്തിന് അനുയോജ്യമാണെന്നു നിശ്ചയിച്ച ദേവി, അപ്പോളവിടെ ഉണ്ടായിരുന്ന സ്വയംഭൂ വിഗ്രഹത്തില്‍ പടിഞ്ഞാറു വശത്തുളള ആറും തോടും സംഗമിക്കുന്ന സ്ഥലം ദര്‍ശനമായി കുടികൊളളുകയും തന്റെ സമീപം വസിക്കുവാന്‍ പാര്‍ഷദനായ ഭൂതത്താനെ അനുവദിക്കുകയും ചെയ്തു. പിന്നീട് മലവേടര്‍ ദേവീചൈതന്യമുളള കല്‍ വിഗ്രഹം കണെ്ടത്തുകയും കാട്ടുകമ്പുകളും പുല്ലുകളും മറ്റും ഉപയോഗിച്ച് ഒരു ക്ഷേത്രം നിര്‍മിച്ച് ആരാധന നടത്തുവാനും ആരംഭിച്ചു. ഇന്നും ഈ ക്ഷേത്രത്തില്‍ മലവേടര്‍ക്ക് പ്രത്യേക പ്രാധാന്യം കല്‍പ്പിച്ചു വരുന്നു. സമീപകാലം വരെ ഉത്സവകാലത്ത് മലവേടര്‍ ഒത്തുകൂടി തുടികൊട്ട്, കോലടി, കാളകെട്ട്, തലയാട്ടം തുടങ്ങിയ നാടന്‍ പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിച്ചിരുന്നു.