ആശുപത്രി വളപ്പിലെ മരം പിഴുതു വീണു

എരുമേലി∙ സർക്കാർ ആശുപത്രി വളപ്പിൽ നിന്ന കൂറ്റൻ അരണമരം ചുവടെ പിഴുതു വീണു. രാത്രിസമയം ആയതിനാൽ ദുരന്തം ഒഴിവായി. മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റ് തകർന്നു. തൊട്ടടുത്തു നിൽക്കുന്ന വാകമരവും ഭീഷണിയായി മാറിയതിനെ തുടർന്ന് അരണമരത്തോടൊപ്പം മുറിച്ചു മാറ്റി. വ്യാഴാഴ്ച പെയ്ത കനത്ത മഴയ്ക്കു ശേഷം രാത്രിയാണ് മരം ഒടിഞ്ഞു വീണത്. ഈ സമയം ആശുപത്രി റോഡിൽ ആളില്ലാതിരുന്നത് അപകടം ഒഴിവാക്കി.

ആളുകൾ ഒപി ടിക്കറ്റ് എടുക്കുകയും മരുന്ന് വാങ്ങുകയും ചെയ്യുന്ന ഭാഗത്തേക്കാണ് മരം വീണത്. വൈദ്യുതി പോസ്റ്റ് തകരുകയും ലൈൻ പൊട്ടിച്ചിതറുകയും ചെയ്തു. വൈദ്യുതി വിതരണവും നിലച്ചു. ഇതെത്തുടർന്നാണ് ഇന്നലെ രണ്ട് മരങ്ങളും മുറിച്ചു നീക്കിയത്. ആശുപത്രിയോടു ചേർന്നു നിൽക്കുന്നതിനാൽ വാകമരം മുറിച്ചു നീക്കൽ ശ്രമകരമായി . മങ്ങാട്ട് ക്രെയിൻ സർവീസിന്റെ സഹായത്തോടെ മരത്തിന്റെ വിവിധ ശിഖരങ്ങളിൽ വടം കെട്ടിയാണ് താഴെ ഇറക്കിയത്.

വാകമരത്തിനും അരണമരത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് എരുമേലി ആശുപത്രിയിൽ എത്തുന്നത്. സംഭവം പകൽ ആയിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാവുമായിരുന്നു. ആശുപത്രി വളപ്പിലെ മറ്റ് അരണമരങ്ങളും കാലപ്പഴക്കം മൂലം അപകട ഭീഷണി സൃഷ്ടിക്കുന്നതായി മെഡിക്കൽ ഓഫിസർ പറഞ്ഞു.