ആസ്​പത്രിയില്‍ കഴിയുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പരിചയം നടിച്ച്‌ എത്തി കവര്‍ന്നു

കാഞ്ഞിരപ്പള്ളി: ആസ്​പത്രിയില്‍ കഴിയുന്ന വീട്ടമ്മയുടെ മൂന്നരപ്പവന്റെ സ്വര്‍ണമാല സ്‌നേഹം നടിച്ച്‌ ദമ്ബതിമാര്‍ കവര്‍ന്നു. കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പുലിക്കുന്ന് മുല്ലശ്ശേരില്‍ ആനന്ദന്റെ ഭാര്യ തങ്കമ്മ(60)യുടെ മാലയാണ് കവര്‍ന്നത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ചൊവ്വാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. രക്തസമ്മര്‍ദ്ദം സംബന്ധിച്ച അസുഖവുമായി ആസ്​പത്രിയിലെത്തിയ തങ്കമ്മയോട് ആസ്​പത്രിയില്‍ അഡ്മിറ്റാകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ച തങ്കമ്മയോട് ഐ.സി.യു.വില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ ബന്ധുക്കളാണെന്നുപറഞ്ഞ് 55 വയസ് പ്രായമുള്ള സ്ത്രീയും 70 വയസ് പ്രായമുള്ള ആളും ചങ്ങാത്തം സ്ഥാപിച്ചു. ചൊവ്വാഴ്ച രാവിലെ തങ്കമ്മയുടെ അടുക്കലെത്തിയ ദമ്ബതിമാര്‍ തങ്ങളുടെ മാല പൊട്ടിപ്പോയെന്നും നന്നാക്കാന്‍ പോകാന്‍വേണ്ടി ഇടാനായി മാല തരുമോയെന്നും ചോദിച്ചു. പരിചിതരാണെന്ന് കരുതി തങ്കമ്മ തന്റെ മൂന്നരപ്പവന്‍ വരുന്ന സ്വര്‍ണമാല ഊരി സ്ത്രീക്ക് നല്‍കി. സമയമേറെയായിട്ടും ദമ്ബതിമാരെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തട്ടിപ്പ് മനസ്സിലായത്. മാലകവരുന്നതിന് മുമ്ബ് ദമ്ബതിമാരുടെ കൂടെയുണ്ടായിരുന്ന പുരുഷന്‍ തങ്കമ്മയുടെ മകളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.