ആസ്‌ട്രേലിയന്‍ വിസ തട്ടിപ്പ് : മുണ്ടക്കയം സ്വദേശി പഞ്ചാര രാജു പിടിയില്‍

ആസ്‌ട്രേലിയന്‍ വിസ തട്ടിപ്പ് : മുണ്ടക്കയം സ്വദേശി പഞ്ചാര രാജു പിടിയില്‍

ആസ്‌ട്രേലിയായിലേക്കു വിസ വാഗ്ദാനം നല്‍കി പണം തട്ടിയ മുണ്ടക്കയം സ്വദേശി അറസ്റ്റില്‍. മുണ്ടക്കയം, കണ്ണിമല, പുത്തന്‍പുരക്കല്‍ ജോസ്(പഞ്ചാര രാജു)നെയാണ് മുണ്ടക്കയം എസ്.ഐ. ഡി.എസ്. ഇന്ദ്രരാജ് അറസ്റ്റു ചെയ്തത്.

സംഭവം സംബന്ധിച്ചു മുണ്ടക്കയം പൊലീസ് പറയുന്നതിങ്ങനെ: ആസ്‌ട്രേസലിയായിലെ ആശുപത്രിയില്‍ വിവിധ ജോലികള്‍ക്കായി വിസ നല്‍കാമെന്നു പറഞ്ഞു നിരവധിപേരില്‍ നിന്നും പണം വാങ്ങിയ ശേഷം വഞ്ചിക്കുകയായിരുന്നു. രണ്ടരലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. തൃശൂര്‍ സ്വദേശി വിജയകുമാറും ചേര്‍ന്നായിരുന്നു തട്ടിപ്പ്.

എട്ടോളം പേര്‍ ജോസിനെതിരെ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്‍ഡ്, നഴ്‌സ്, തുടങ്ങിയ വിവധ തസ്തികളുടെ പേരില്‍ വിസനല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. വിവിധ ഘട്ടങ്ങളായി പണം നിക്ഷേപിച്ചത് വിജയകുമാരിന്റെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കായിരുന്നു. 2013 ഒക്‌ടോബറില്‍ വിസക്കു അഡ്വാന്‍സ് തുക വാങ്ങിയിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെ ജോസിനെ സമീപിച്ചെങ്കിലും ഫെബ്രുവരി 28നുളളില്‍ വിസ നല്‍കാമെന്നു പറയുകയായിരുന്നു.

സാബു വര്‍ഗീസില്‍ നിന്നും ഒന്നര ലക്ഷം രൂപ, കോരുത്തോട് പെരിങ്ങലു തറപ്പില്‍മറിയത്തിന്റെ 1.80ലക്ഷം, കൂവപ്പളളി, കിഴക്കേതില്‍ അഭിലാഷില്‍ നിന്നും 1.40ലക്ഷം, മുണ്ടക്കയം, ചെളിക്കുഴി, കൊല്ലംമ്പറമ്പില്‍, ഉല്ലാസിന്റെ അന്പതിനായിരം രൂപ, ഏന്തയാര്‍ പുതുപ്പറമ്പില്‍ രഞ്ജിത് ആന്റണിയില്‍ നിന്നും 1.40ലക്ഷം, കാഞ്ഞിരപ്പളളി, ആനക്കല്‍, കുന്നത്ത് സെല്‍വിനില്‍ നിന്നും ഒന്നര ലക്ഷം, മുണ്ടക്കയം മുപ്പത്തിയഞ്ചാംമൈല്‍ സ്വദേശി സര്‍ക്കാര്‍ നഴ്‌സില്‍ നിന്നും ഒന്നര ലക്ഷം, പൊന്‍കുന്നം പൈക സ്വദേശിയില്‍ നിന്നും ഒന്നര ലക്ഷം രൂപ എന്നിവയാണ് ജോസ് മുഖാന്തിരം വിജയകുമാറിന്റെ അക്കൗണ്ടിലേക്കു അയച്ചു നല്‍കിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായിനടന്നിരുന്ന ജോസ് സ്‌നേഹത്തോടെ അടുപ്പം കൂടി അവരുടെ ആവശ്യം അറിഞ്ഞായിരുന്നു തട്ടിപ്പു നടത്തിയിരുന്നത്. ദീര്‍ഘ കാലമായി മുംബൈയിലായിരുന്ന കോരുത്തോട് സ്വദേശി മറിയത്തെ മുണ്ടക്കയത്തിനടുത്ത് ഒരു ജനപ്രതിനിധിയുടെ ആഫീസില്‍ വച്ചു പരിചയപെടുകയും നഴ്‌സാണെന്നു മനസ്സിലാക്കിയതോടെ വിസ സംബന്ധിച്ചു പറയുകയുമായിരുന്നു.

സമാന കേസില്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ടന്നു പൊലീസ് പറഞ്ഞു. കൂടാതെ മുന്‍പ് ഭാര്യയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ ദിവസങ്ങളോളം പൊന്‍കുന്നം സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ഈ കേസില്‍ ഇപ്പോള്‍ വാറണ്ടു നിലനില്‍ക്കുന്നതായും പൊലീസ് പറഞ്ഞു.
panchara raju